നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച് വിചാരണ കോടതി. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി പറഞ്ഞതായി അതിജീവിത വ്യക്തമാക്കിയിരുന്നു. എന്നാലിതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ലെന്ന് വിധിന്യായത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൂണ്ടിക്കാണിക്കുന്നു. 1714 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ഒരു ക്വട്ടേഷനുണ്ടെന്ന് ഒന്നാംപ്രതിയായ എൻ.എസ്. സുനിൽ (പൾസർ സുനി) പറഞ്ഞതായി അതിജീവിത മൊഴി നൽകിയിരുന്നു. പകർത്തിയ ദൃശ്യങ്ങൾ ക്വട്ടേഷൻ നൽകിയവർക്ക് നൽകുമെന്നും അവർ അടുത്ത ദിവസം രാവിലെ 10-നു ശേഷം ബന്ധപ്പെടുമെന്നും ഒന്നാംപ്രതി അതിജീവിതയെ അറിയിച്ചു. ബാക്കി കാര്യങ്ങൾ അവർ സംസാരിക്കും. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി വ്യക്തമാക്കിയതായും അതിജീവിത മൊഴി നൽകി. ശത്രുക്കളെക്കുറിച്ച് അതിജീവിതയ്ക്ക് നന്നായി അറിയാമല്ലോ എന്നും ഒന്നാംപ്രതി ചോദിച്ചതായി മൊഴിയുണ്ട്. ക്വട്ടേഷൻ നൽകിയത് സ്ത്രീയാണെന്ന മൊഴിയുണ്ടായിട്ടും അതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ല.
ഒന്നുമുതൽ ആറുവരെ പ്രതികൾ ചേർന്ന് നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുന്നതിന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ തീരുമാനിച്ചുവെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ ആദ്യം പറഞ്ഞിരുന്നത്. ഒന്നാംപ്രതി ജയിലിൽ നിന്നെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കേസിൽ പ്രതി ചേർക്കുന്നത്. ഒരു സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് ഒന്നാംപ്രതി ആദ്യം പറഞ്ഞത്. പിന്നീട് മൊഴി മാറ്റി ദിലീപാണ് നൽകിയതെന്ന് പറഞ്ഞു. സ്ത്രീ ആരാണെന്ന് കണ്ടെത്താൻ പ്രോസിക്യൂഷൻ അന്വേഷണം നടത്തേണ്ടതായിരുന്നു.
ഒന്നാംപ്രതി പൾസർ സുനിയും എട്ടാം പ്രതിയായിരുന്ന ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ദിലീപ് മൊബൈൽ ഫോണിൽനിന്ന് നീക്കംചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. തെളിവ് നശിപ്പിച്ചതായി തെളിയിക്കാനായിട്ടില്ല. എട്ടാംപ്രതി ക്വട്ടേഷൻ നൽകിയെന്നതും തെളിയിക്കാനായില്ലെന്ന് ഉത്തരവിൽ പറയുന്നു.
2017 ഏപ്രിൽ 18-നു നൽകിയ അന്തിമ റിപ്പോർട്ടിൽ ഒന്നുമുതൽ ആറുവരെ പ്രതികൾ നടത്തിയ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചാണ് പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുള്ള തുടരന്വേഷണത്തെക്കുറിച്ചും പറയുന്നുണ്ട്. 2017-ൽ അന്തിമ റിപ്പോർട്ട് നൽകും മുൻപ് പലതവണ ചോദ്യം ചെയ്തിട്ടും ദിലീപിനെക്കുറിച്ച് അതിജീവിത ഉൾപ്പെടെയുള്ളവർ മൊഴി നൽകിയിട്ടില്ല. ആ പേര് പറയുന്നതിന് അതിജീവിതയ്ക്ക് ഭയമായിരുന്നുവെന്ന് പ്രോസിക്യൂഷൻ ഉയർത്തിയ വാദം അംഗീകരിക്കാനാകില്ല. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. അതിനാൽ ഭയത്തിന്റെ കാര്യമില്ല. 2015-ൽ അതിജീവിത എട്ടാം പ്രതിക്കെതിരേ ഇന്റർവ്യൂ നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ ശ്രദ്ധയിലേക്ക് ഇതെങ്കിലും കൊണ്ടുവരേണ്ടതായിരുന്നു.
2017 നവംബർ 22-ൽ സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിൽ ക്വട്ടേഷൻ നൽകിയത് എട്ടാം പ്രതിയാണെന്ന ആരോപണമുണ്ട്. ഒന്നാംപ്രതിയും എട്ടാംപ്രതിയും തമ്മിലുള്ള ക്രിമിനൽ ഗൂഢാലോചനയും ആരോപിച്ചു. ഒന്നാംപ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീകളെ സാക്ഷിയായി കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. കുറ്റകൃത്യത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടാകുമെന്ന സാധ്യത പരിഗണിച്ചിട്ടില്ല.
നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന 2013-ൽ തുടങ്ങിയതായാണ് പ്രോസിക്യൂഷൻ വാദം. 2017 – ലാണ് ആക്രമണമുണ്ടായത്. സുനി മറ്റൊരു കേസിൽ ഒളിവിലായതിനാലാണ് കൃത്യം വൈകിയതെന്ന് വാദമുന്നയിച്ചു. എന്നാലിത് വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. വിവാഹമോതിരംകൂടി ചിത്രീകരിക്കണമെന്ന് നിർദേശിച്ചാണ് ക്വട്ടേഷൻ നൽകിയതെന്ന വാദവും കോടതി തള്ളി. ഇതിലുള്ള ഗൂഢാലോചനയും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഗോവയിൽെവച്ച് പൾസർ സുനി ആക്രമണത്തിന്റെ റിഹേഴ്സൽ നടത്തി, ഗോവയിൽനിന്ന് മടങ്ങിയെത്തിയതിനു പിന്നാലെ ദിലീപിന്റെ ആലുവയിലെ വീടിനു സമീപം പൾസർ സുനിയെത്തി തുടങ്ങിയ വാദങ്ങളും കോടതി തള്ളി.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്താനുപയോഗിച്ചതെന്നു പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ കണ്ടെത്തുന്നതിന് അന്വേഷണം നടന്നു. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഫോൺ ഒന്നാം പ്രതിയുടെ വക്കീലിന്റെ കൈവശമുണ്ടെന്നും ഈ ഫോൺ മറ്റൊരു അഭിഭാഷകൻ നശിപ്പിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫോൺ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നതായും റിപ്പോർട്ടിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നശിപ്പിച്ചതായി കണ്ടെത്തിയെന്നു പറയുന്ന ഫോണിനെക്കുറിച്ച് കൂടുതൽ അന്വേഷണം എങ്ങനെ നടത്തുമെന്നും കോടതി ചോദിക്കുന്നു.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട വിഷയത്തിലും വിചാരണ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. ആക്രമണദൃശ്യങ്ങൾ പകർത്തിയ എട്ട് ഫയലുകൾ സുരക്ഷിതമാണ്. വിചാരണയെ ഇത് ബാധിച്ചിട്ടില്ല.
ലിംഗനീതിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് നടിയെ ആക്രമിച്ച കേസിന്റെ ഉത്തരവിൽ ജഡ്ജി ഹണി എം. വർഗീസ് ചൂണ്ടിക്കാണിക്കുന്നു. കുറ്റകൃത്യം ഇരയിലും സമൂഹത്തിലുമുണ്ടാക്കിയ ആഘാതം കണക്കിലെടുക്കേണ്ടതുണ്ടെന്ന ആമുഖത്തോടെയാണ് കോടതി ഇത് വ്യക്തമാക്കിയത്.
സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തെ ഒന്നടങ്കം ബാധിക്കും. എന്നാൽ, വിവിധ ഘടകങ്ങൾ പരിഗണിക്കുമ്പോൾ ഈ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ തൊണ്ടിമുതലുകൾ പൂർണമായും നശിപ്പിക്കുന്നതിന് സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കണമെന്ന് ഉത്തരവിലുണ്ട്. ഇവ നശിപ്പിച്ചതിന്റെ റിപ്പോർട്ട് ഫൊറൻസിക് സയൻസ് ലബോറട്ടറി സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി സ്ഥിരം രേഖയായി സൂക്ഷിക്കേണ്ടതുണ്ട്.











Leave a Reply