ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പുരുഷ ഗർഭനിരോധന ഗുളികയെ പറ്റിയുള്ള ചർച്ചകൾ സജീവമാകുകയാണ്. പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾ ഉപയോഗിക്കുന്ന ഗർഭനിരോധന ഗുളികയുടേത്. 1950 കളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ വികസിപ്പിച്ചെടുത്ത ഗുളിക പിന്നീട് ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറി. തുടർന്ന് നടന്ന സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെയും പോരാട്ടങ്ങളുടെയും അഭിവാജ്യ ഘടകമായി ഇത് മാറി. യുകെയിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷം ആളുകളും ഈ ഗുളികയെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ കണ്ടുപിടിത്തം എൻ എച്ച് എസിൽ നടന്നിട്ട് അറുപതു വർഷങ്ങൾ പിന്നിടുകയാണ്. ലോകമെമ്പാടും 150 ദശലക്ഷത്തിലധികം സ്ത്രീകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. ഗർഭനിരോധനത്തിനായി നിരവധി മാർഗങ്ങൾ പിന്നീട് കണ്ടുപിടിച്ചെങ്കിലും, പൊതുവിൽ ആളുകൾ സ്വീകരിക്കുന്നത് ഈ ഗുളികയെ തന്നെയാണ്.
പ്രധാനമായും ഗർഭനിരോധന ഗുളിക ലൈംഗിക സ്വാതന്ത്ര്യമാണ് നൽകിയത്. കാരണം പരസ്പരം ഇഴചേരുമ്പോൾ ലൈംഗികത ഗർഭധാരണം എന്നതിന് അപ്പുറമായി ആസ്വദിക്കാൻ കഴിയുന്നു എന്നുള്ളതാണ് പ്രധാനം. ഇത്തരത്തിൽ പുരുഷന്മാർക്കും ഗുളിക എന്നുള്ളത് നാളുകളായുള്ള ചർച്ചയാണ്. പ്രധാനമായും ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകൾ പലവിധമായ പ്രയാസങ്ങൾ നേരിടുന്നുണ്ട്. രക്തം കട്ടപിടിക്കുക, വിഷാദം എന്നിവ അവയ്ക്ക് ഉദാഹരണങ്ങളാണ്. ഗർഭധാരണം തടയുന്നതിന് ഗർഭനിരോധന ഗുളിക ഫലപ്രദമാണെന്ന് ഫലങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും പലവിധ പാർശ്വഫലങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
രണ്ടാഴ്ച മുൻപ് ഇതിനെ കുറിച്ചുള്ള പഠനത്തിൽ അഭൂതമായ മുന്നേറ്റം നടത്തിയതായി ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ, എലികളിൽ മാത്രമേ പരിശോധനകൾ നടത്തിയിട്ടുള്ളൂ. വരും വർഷങ്ങളിൽ ആദ്യഘട്ടം എന്ന നിലയിൽ മനുഷ്യരിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. വരും കാലങ്ങളിൽ റിവേഴ്‌സിബിൾ ഓറൽ ഗർഭനിരോധന മാർഗ്ഗം വിപണിയിലുണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ‘സ്ത്രീ ഗർഭനിരോധന ഗുളികയിൽ നിന്ന് വ്യത്യസ്തമായി, ഈ പുതിയ മരുന്നിൽ ഹോർമോണുകൾ ഉൾപ്പെടുന്നില്ല, അതായത് ഇത് ടെസ്റ്റോസ്റ്റിറോണിനെ ബാധിക്കില്ല അല്ലെങ്കിൽ ഹോർമോൺ സംബന്ധമായ പാർശ്വഫലങ്ങൾ ഉണ്ടാകില്ല’- ഫെബ്രുവരി 14 ന് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മരുന്ന് കഴിച്ച് ഒരു മണിക്കൂർ വരെ 100 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. മൂന്ന് മണിക്കൂറിന് ശേഷം ഗുളികയുടെ ഫലപ്രാപ്തി 91 ശതമാനമായി കുറയുകയും 24 മണിക്കൂറിനുള്ളിൽ അതിന്റെ അംശം പൂർണ്ണമായി ശരീരത്തിൽ നിന്ന് മാറുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.
Leave a Reply