കൗണ്ടി വെക്സ്‌ഫോര്‍ഡിലെ ബെന്‍ക്ളോഡിയില്‍ നിര്യാതനായ മലപ്പുറം തൂവൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യറിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച (ജനുവരി 20 ) രാവിലെ ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ആസ്ഥാനമായ റിയോള്‍ട്ടയിലെ സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിനടുത്തുള്ള പാരീഷ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ഹോളി റോസറി ഓഫ് ഫാത്തിമാ ചര്‍ച്ചില്‍ നടത്തപ്പെട്ടു .
ചൊവ്വാഴ്ച വെക്സ്ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ നിന്നും ഭൗതീകദേഹം ബെന്‍ക്ളോഡിയിലെ ലെനോണ്‍സ് ഫ്യുണറല്‍ ഹോമില്‍ എത്തിച്ചു.
ഇന്ന് രാവിലെ എട്ടു മണിയോടെ മൃതദേഹം ഡബ്ലിനിലേയ്ക്ക് കൊണ്ടുപോയി .പാരീഷ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ഹോളി റോസറി ഓഫ് ഫാത്തിമാ ചര്‍ച്ചില്‍ എത്തിച്ചതോടെ ശുശ്രൂഷാകര്‍മ്മങ്ങള്‍ ആരംഭിച്ചു .
സര്‍ക്കാര്‍ ഗൈഡ് ലൈന്‍ അനുസരിച്ച് ശുശ്രൂഷകളില്‍ പരമാവധി പത്തു പേര്‍ക്കേ പങ്കെടുക്കാനായുള്ളു.തുടര്‍ന്ന് ഡബ്ലിന്‍ ന്യൂ ലാന്‍ഡ്‌സ് ക്രോസ്സ് ക്രിമേഷന്‍ സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഭൗതികദേഹം സംസ്‌കരിച്ചു.
അയര്‍ലണ്ടിലെ എല്ലാ മാധ്യമങ്ങളും തന്നെ പ്രധാനപേജുകളിലാണ് ‘ ഫ്രണ്ട് ലൈന്‍ ഹീറോയുടെ’വിയോഗം വാര്‍ത്തയാക്കിയത്.സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് പേര്‍ അനുസ്മരിച്ചു.
ഐറിഷ് നഴ്സുമാരുടെ ദേശിയ സംഘടനയായ ഐ എന്‍ എം ഓ യും , സോള്‍സണ്‍ ജോലി ചെയ്ത ആശുപത്രികളുമൊക്കെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് അനുശോചനകുറിപ്പുകള്‍ ഇറക്കി.
സംസ്‌കാര ശുശ്രൂഷകള്‍ക്ക് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ,ഡോ, ക്ലമന്റ് പാടത്തില്‍ പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.രാജേഷ് മേച്ചിറാകത്ത് ,ഫാ.റോയി വട്ടയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
അയര്‍ലണ്ടിലെ വിവിധ കുര്‍ബ്ബാന സെന്ററുകളിലെ വികാരിമാരും, അല്‍മായ നേതൃത്വവും ,മറ്റു സഭാ വിഭാഗങ്ങളും ,പൊതു സമൂഹവും സോള്‍സന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
യൂറോപ്പിലെ സീറോ മലബാര്‍ സഭാ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് ബിന്‍സിയുടെ കുടുബത്തെ അനുശോചനം അറിയിച്ചു.
തുവ്വൂര്‍ സ്വദേശി പരേതനായ സേവ്യര്‍ പയ്യപ്പിള്ളിലിന്റെ മകനായ സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34 ) വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് ഞായറാഴ്ച വൈകിട്ടാണ് നിര്യാതനായത്.
മാതാവ് മറിയം ഭാര്യ ബിന്‍സി ഇവർക്ക് ഒരു മകനാണ് ഉള്ളത്. സിമയോന്‍ സോള്‍സണ്‍ (3 വയസ്) ഏക സഹോദരന്‍ റെമില്‍ സേവ്യര്‍.
പിതാവിന്റെ മരണവര്‍ത്തയറിഞ്ഞാണ് രണ്ട് വര്‍ഷം മുമ്പ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ യാത്ര മുടക്കി. ഫെബ്രുവരിയില്‍ നാട്ടില്‍ എത്താൻ ഇരിക്കെയാണ് സോള്‍സനെ മരണം കവർന്നത്.
കരുവാരക്കുണ്ട് തൂവൂരിലുള്ള സോള്‍സന്റെ തറവാട്ട് വീട്ടിലും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഒരുക്കിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ദുഖാര്‍ത്ഥരായ നിരവധി പേര്‍ സോള്‍സന്റ അനുസ്മരണശുശ്രൂഷകളില്‍ പങ്കെടുത്തു.കരുവാരക്കുണ്ട് ഹോളി ഫാമിലി ഫൊറോനാ വികാരി ഫാ. മാത്യൂ പെരുവേലില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
Leave a Reply