ന്യൂസ് ഡെസ്ക്, മലയാളം യുകെ

യോർക്ക്ഷെയറിലെ ഈസ്റ്റ് റൈഡിംഗ് മേഖലയിലുള്ള ലിറ്റിൽ ഈഡൻ ഹോളിഡേ ലോഡ്ജ് പാർക്കിലെ വാടക താമസ സ്ഥലത്ത് 15 കാരിയായ ചെറിഷ് ബീനുവിനെയും 17 കാരനായ ഈത്തൻ സ്ലേറ്ററിനെയും മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ സുരക്ഷാ ആശങ്കയെ തുടർന്ന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കാർബൺ മോണോക്സൈഡ് വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവവുമായി ബന്ധപ്പെട്ട് ഗുരുതര അശ്രദ്ധ മൂലമുള്ള മനുഷ്യഹത്യ സംശയത്തിൽ 42 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനുമുമ്പ് പിടിയിലായിരുന്ന 33 കാരനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ 12 മണിക്കൂർ കൂടി നീട്ടിയതായും അധികൃതർ അറിയിച്ചു. ഹംബർസൈഡ് പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം, ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ്, ഈസ്റ്റ് റൈഡിംഗ് കൗൺസിൽ എന്നിവ സംയുക്തമായി അന്വേഷണം തുടരുകയാണ്. ഹാഫ്-ടേം അവധിക്കായി എത്തിയിരുന്ന ചില സന്ദർശകരെ പാർക്കിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായും റിപ്പോർട്ടുണ്ട്.

സംഭവം മൂലം ഇരുവരുടെയും കുടുംബങ്ങൾ കടുത്ത ദുഖത്തിൽ മുങ്ങിയിരിക്കുകയാണ്. ഷെഫീൽഡിൽ താമസിക്കുന്ന ഈത്തന്റെ കുടുംബത്തിനായി ആരംഭിച്ച ഓൺലൈൻ ഫണ്ട്രെയ്സിംഗ് പേജിൽ രണ്ട് ദിവസത്തിനകം 16,000 പൗണ്ടിലധികം സമാഹരിച്ചു കഴിഞ്ഞു. സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ ജീവിതം മുന്നിൽ കാത്തിരിക്കെ അത് കവർന്നെടുത്തു എന്നാണു കുടുംബത്തിന്റെ വേദനാഭരിതമായ പ്രതികരണം. ഇരുവരുടെയും മരണത്തിൽ സമൂഹം മുഴുവൻ അനുശോചനം രേഖപ്പെടുത്തി.