പട്ടിക്കാട്ട് സ്വകാര്യ കണ്‍വന്‍ഷന്‍ സെന്ററിനോടു ചേര്‍ന്ന് 5 സെന്റില്‍ താമസിക്കുന്ന കുടുംബത്തെ ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ചു. പുലിക്കോട്ടില്‍ ഹോച്ച്മിന്റെ ഭാര്യ ലൈഫി, മക്കളായ ആല്‍ഫിന്‍, അലീന എന്നിവരെയാണ് ആക്രമിച്ചത്. ലൈഫിയുടെ പിതാവ് ഭിന്നശേഷിക്കാരനായ സാമുവലിനെയും ഇവര്‍ ആക്രമിച്ചു. സാമുവലിന്റെ ക്രച്ചസ് പിടിച്ചുവാങ്ങി തള്ളിയിടുകയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണു കൊണ്ടു വന്ന് പറമ്പു നിരത്തുകയും വീട്ടിലെ കിണര്‍ മൂടുകയും ചെയ്തു.

അക്രമം കണ്ട് ചോദിക്കാന്‍ ചെന്ന പരിസരവാസികളേയും ഗുണ്ടകള്‍ വിരട്ടി. അക്രമം കണ്ട് കണ്‍വന്‍ഷന്‍ സെന്ററിന്റെ മുകള്‍നിലയിലുണ്ടായിരുന്നവര്‍ ഫോണില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു. എന്നാല്‍ ഗുണ്ടകള്‍ അവിടെയെത്തി എല്ലാവരുടെയും ഫോണുകള്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഓഫിസില്‍ പിടിച്ചുവച്ചു. ഓരോരുത്തരെയായി വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ നശിപ്പിച്ചശേഷമാണ് ഫോണ്‍ തിരിച്ചുനല്‍കിയത്. ഫോണ്‍ നല്‍കാത്തവരുടെ കയ്യില്‍ നിന്ന് ബലമായി ഫോണ്‍ വാങ്ങി.

തലേദിവസം ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയ വിവരം ഇന്നലെ രാവിലെ വീട്ടുകാര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പറമ്പും കിണറും നിരത്തിയ ശേഷമാണ് പോലീസ് എത്തിയത്. അപ്പോഴേക്കും ഗുണ്ടകള്‍ സ്ഥലം കാലിയാക്കിയിരുന്നു. സ്ഥലം ബാങ്കില്‍ നിന്നു ലേലം ചെയ്തു വാങ്ങിയതാണെന്നു ഹോട്ടല്‍ ഉടമ പറഞ്ഞതോടെ പൊലീസ് വീട്ടിലെ സ്ത്രീകളെയും ഹോട്ടല്‍ പ്രതിനിധിയെയും സ്റ്റേഷനിലേക്കു കൊണ്ടു പോയി.

പരിസരവാസികളും ദൃക്‌സാക്ഷികളും പൊലീസിനോട് അക്രമത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും ഇരുകൂട്ടരുടെയും പേരില്‍ പോലീസ് കേസെടുത്തു.