തൃശൂർ ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ഡ്രൈവർ ഒല്ലൂർ മുട്ടത്ത് രാജു ബേബിയുടെയും കണ്ടക്ടർ കെ.എം. ടിൻസണിന്റെയും മനസ്സാന്നിധ്യമാണു ബസിലുണ്ടായിരുന്ന യാത്രക്കാർക്കു രക്ഷയായത്. അമിത വേഗത്തിലെത്തിയ ബൈക്ക് എതിരെ വന്നിരുന്ന കാറിന്റെ തൊട്ടുമുന്നിലായാണു ബസിനു നേർക്കു വന്നത്.
എന്തെങ്കിലും ചെയ്യാൻ കഴിയുംമുൻപേ ബൈക്ക് ബസിനടിയിൽ പാഞ്ഞുകയറി. ഒരു നിമിഷം മനസ്സു പിടഞ്ഞെങ്കിലും ബസിനു താഴെനിന്നു പുക ഉയരുന്നതു കണ്ടതോടെ യാത്രക്കാരോടു പുറത്തിറങ്ങാൻ അലറിവിളിക്കുകയായിരുന്നു. രാജു ബേബി പറയുന്നു. രാജുവിന്റെ അലർച്ച കേട്ടതോടെ ടിൻസൺ ബസിന്റെ വാതിലുകൾ തുറന്ന് യാത്രക്കാർക്ക് ഓടിമാറാൻ നിർദേശം നൽകി. എല്ലാ യാത്രക്കാരും ഇറങ്ങിയശേഷമാണു രാജുവും ടിൻസണും ബസിനടുത്തു നിന്നു മാറിയത്.
ഇതിനു പിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ചു ബസിൽ തീയാളിപ്പടർന്നു. ഇതിനിടയിൽ ബൈക്ക് യാത്രികൻ അനൂപിനെ നാട്ടുകാരിൽ ചിലർ പുറത്തെടുത്തിരുന്നു. ഇയാളുടെ ബൈക്കിനൊപ്പം രണ്ടു ബൈക്കുകൾ കൂടിയുണ്ടായിരുന്നുവെന്നു രാജു ബേബി പറഞ്ഞു. എന്നാൽ അപകടത്തിനു ശേഷം മറ്റു ബൈക്കുകളിൽ ഉണ്ടായിരുന്നവർ സ്ഥലം വിട്ടു. ബസിനടിയിൽപ്പെട്ട ബൈക്ക് പൂർണമായി കത്തിനശിച്ചതിനാൽ മരിച്ച യുവാവിനെ തിരിച്ചറിയാനും വൈകി.
ബൈക്ക് നിയന്ത്രണംവിട്ടു കെഎസ്ആർടിസി ബസിനടിയിൽ ഇടിച്ചുകയറി പൊട്ടിത്തെറിച്ചു. ബൈക്കോടിച്ചിരുന്ന യുവാവ് മരിച്ചു. ബസും ബൈക്കും പൂർണമായി കത്തിനശിച്ചു. കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാംവിള പുത്തൻപുരവീട്ടിൽ അലക്സാണ്ടറുടെ മകൻ അനൂപ് (17) ആണു മരിച്ചത്.
ബസിലുണ്ടായിരുന്ന 44 യാത്രക്കാർ ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലിൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. എംസി റോഡിൽ മാറാടി പള്ളിപ്പടിയിൽ ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് അപകടം. തൃശൂരിൽ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ് ബസ്. മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്നു ബൈക്ക്. അപകടശേഷം പെട്രോൾ ടാങ്കിൽ നിന്നു തീപടർന്നു ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. പിന്നാലെ ബസും കത്തിനശിച്ചു.
ബൈക്ക് ബസിനടിയിലേക്കു പാഞ്ഞുകയറുകയും പുക ഉയരുകയും ചെയ്തതോടെ ബസ് ഡ്രൈവറും കണ്ടക്ടറും ചേർന്നു യാത്രക്കാരെ ഉടൻ പുറത്തിറക്കി. എല്ലാവരും ബസിൽ നിന്ന് അകലേക്ക് ഓടിമാറിയതിനു തൊട്ടുപിന്നാലെയായിരുന്നു പൊട്ടിത്തെറിയും തീപിടിത്തവും.
ബസിനടിയിലേക്കു തെറിച്ചുവീണ അനൂപിനെ നാട്ടുകാർ പുറത്തെടുത്ത് ആദ്യം മൂവാറ്റുപുഴയിലെ ആശുപത്രിയിലും പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലുൾപ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. മൂന്നു ബൈക്കുകൾ ഓരോന്നായി മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം. ബസ് ബൈക്കുമായി 50 മീറ്ററോളം റോഡിലൂടെ ഉരഞ്ഞുനീങ്ങി.
മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നുള്ള നാലു ഫയർ യൂണിറ്റുകൾ ഒരു മണിക്കൂറോളം പ്രയത്നിച്ചാണു തീ അണച്ചത്. എംസി റോഡിൽ കിലോമീറ്ററുകളോളം നീളുന്ന ഗതാഗത സ്തംഭനവുമുണ്ടായി. ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടർന്നു.
Leave a Reply