യൂട്യൂബിലൂടെ അശ്ലീല വീഡിയോ ചെയ്ത് സ്ത്രീകളെ അപമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ യൂട്യൂബറെ കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.

എന്നാല്‍, അവര്‍ അതിനായി തെരഞ്ഞെടുത്ത മാര്‍ഗത്തെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് വീഡിയോകളിലൂടെ നിരന്തരം അപമാനിച്ച യൂട്യൂബറെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കൈകാര്യം ചെയ്തത്. മുഖത്ത് കരിഓയില്‍ ഒഴിച്ചും മുഖത്തടിച്ചുമായിരുന്നു രോഷം തീര്‍ത്തത്.

മന്ത്രിയുടെ വാക്കുകള്‍;

ഭാഗ്യലക്ഷ്മിയും കൂട്ടരും അതിനെതിരെ ശക്തമായി പ്രതികരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രതികരിച്ചതിന് ഞാന്‍ അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ചതിന്റെ മാര്‍ഗമമൊക്കെ നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. പക്ഷെ ആ മനുഷ്യന്‍ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണം.