തിരുവനന്തപുരം∙ വാഷിങ്ടനിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി ഡോക്ടർ മരിച്ചതായി തൈക്കാടുളള ഭർത്താവിന് അടിയന്തര ഫോൺ സന്ദേശം. ‘മരണവീടി’ന്റെ കരച്ചിലിലേക്കു മണിക്കൂറുകൾക്കകം അടുത്ത ഫോൺ വിളിയെത്തി. താൻ സസുഖം വാഷിങ്ടനിൽ എത്തിയതായി ‘പരേത’ ഫോണിൽ ഭർത്താവ് ഡോ.കെ.എം.വിനായക്കിനെ അറിയിച്ചു. തൈക്കാട് നിത്യ വൈശാഖ് വസതിയിൽ അതോടെ ആശ്വാസ നിശ്വാസം.

നാലു പതിറ്റാണ്ടായി വാഷിങ്ടൻ ഡിസിയിൽ പ്രാക്ടീസ് ചെയ്യുകയാണു ഡോക്ടർ ദമ്പതികൾ. തിരുവനന്തപുരം– ഡൽഹി– വാഷിങ്ടൻ വിമാനത്തിലാണു വിനായക്കിന്റെ ഭാര്യ ചൊവ്വാഴ്ച ഇവിടെ നിന്നു പുറപ്പെട്ടത്. ഡൽഹിയിൽ നിന്നു വിമാനത്തിൽ കയറിയ വിവരവും അവർ ഭർത്താവിനെ അറിയിച്ചിരുന്നു. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ഡൽഹിയിലെ എയർ ഇന്ത്യ ഓഫിസിൽ നിന്നു വിളിച്ചു ഭാര്യയുടെ മരണവിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു. ഞെട്ടിത്തരിച്ചു പോയ ഡോക്ടറോട്, പേരും വിലാസവുമെല്ലാം വീണ്ടും ചോദിച്ചുറപ്പിച്ചു മരണവാർത്ത സ്ഥിരീകരിച്ചു.

തകർന്നു പോയ ഡോക്ടർ തിരുവനന്തപുരത്തുള്ള സഹോദരനെ വിളിച്ചു ദുരന്തവാർത്ത അറിയിച്ചു. ആകെ കരച്ചിലും ബഹളവും. അതിനിടെ, വാഷിങ്ടനിൽ ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള ഏർപ്പാടുകളും ചെയ്യേണ്ടതുണ്ട്. അവിടത്തെ കെയർടേക്കർ ഗ്ലോറിയെ ഇതിനായി ബന്ധപ്പെട്ടപ്പോൾ ‘താങ്കൾ എന്താണു പറയുന്നത്. ഞാൻ മാഡത്തിനെ എയർപോർട്ടിൽ നിന്നു വിളിക്കാൻ പോവുകയാണ്. ഇപ്പോൾ സംസാരിച്ചതേയുള്ളൂ’’വെന്ന് ഗ്ലോറി. അമ്പരന്നു പോയ വിനായക്കിനെ അതിനിടെ ഭാര്യ തന്നെ വിളിച്ചു താൻ എത്തിയ വിവരം അറിയിച്ചു.

എയർ ഇന്ത്യയിലേക്കു രോഷാകുലനായി വിളിച്ച ഡോക്ടറോട് അവർ ആവർത്തിച്ചു: മരിച്ചുവെന്നതു തീർച്ചയാണ്. പൈലറ്റിന്റെ സന്ദേശമുണ്ടായിരുന്നു’’. അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഡോ.എം.വി.പിള്ളയാണു പിന്നീട് ഈ നാടകീയ സംഭവത്തിന്റെ ചുരുളഴിച്ചത്. ഡൽഹിയിൽ നിന്നു കയറുമ്പോൾ, ബിസിനസ് ക്ലാസിൽ വനിതാ ഡോക്ടർക്ക് അനുവദിച്ച സീറ്റിൽ മറ്റൊരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ആ സീറ്റിൽ ഇരിക്കേണ്ടെന്നു കരുതി ഡോക്ടർ മറ്റൊരു സീറ്റിലേക്കു മാറി. ഡോക്ടർക്ക് അനുവദിച്ച സീറ്റിലിരുന്ന സ്ത്രീയാണു യാത്രയ്ക്കിടെ മരിച്ചത്.