വീട്ടിലെ അറ്റകുറ്റപ്പണിക്കിടെ പിതാവു മറിച്ചിട്ട കോൺക്രീറ്റ് സ്ലാബിനടിയിൽപെട്ടു മൂന്നാം ക്ലാസ് വിദ്യാർഥിക്കു ദാരുണാന്ത്യം. വിളവൂർക്കൽ നാലാംകല്ല് പ്ലാങ്കോട്ടുമുകൾ മേലെപുത്തൻ വീട്ടിൽ കൃഷ്ണകുമാർ–സിന്ധു ദമ്പതികളുടെ ഇളയ മകൻ കിരൺകുമാർ (എട്ട്) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു അപകടം. അടുക്കളയിൽ മാറ്റിസ്ഥാപിക്കുന്നതിനായി വീടിനു പുറത്ത് അരകല്ലു വച്ചിരുന്ന കോൺക്രീറ്റ് സ്ലാബ് കൃഷ്ണകുമാർ ഇളക്കുകയായിരുന്നു.
കെട്ടിട നിർമാണ തൊഴിലാളിയായ കൃഷ്ണകുമാർ ഒറ്റയ്ക്കാണു ജോലി ചെയ്തിരുന്നത്. നാലടി ഉയരത്തിൽ ഇരുന്ന സ്ലാബ് തടികൾ ഉപയോഗിച്ചു പതുക്കെ താങ്ങി ഇറക്കുന്നതിനിടെ സമീപത്തു നിന്ന മകന്റെ ദേഹത്തേക്കു മറിഞ്ഞു വീഴുകയായിരുന്നു. അടിയിൽപെട്ടു നിലവിളിച്ച കിരണിനെ കൃഷ്ണകുമാറും വീട്ടിലുണ്ടായിരുന്ന അമ്മ സിന്ധുവും സഹോദരൻ അഭിലാഷും(ഒൻപത്) ചേർന്നു പുറത്തെടുത്തു. തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു.
പ്രധാന റോഡിൽനിന്ന് അൽപം മാറി ഉയരത്തിലാണു വീട്. ആശുപത്രിയിലെത്തിക്കാൻ വാഹനത്തിനായി രക്തം വാർന്ന മകന്റെ ശരീരവുമായി പിതാവ് ഇടുങ്ങിയ വഴിയിലൂടെ ഓടി. ഒടുവിൽ കിട്ടിയ വാഹനത്തിൽ കയറി മെഡിക്കൽ കോളജിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. മലയിൻകീഴ് എൽപി ബോയ്സ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ അഭിലാഷ് ഇതേ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Leave a Reply