വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വിനോദ് ( 35 ) കഴുത്തിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി വട്ടിയൂർക്കാവ് തൊഴുവൻകോട് കെആർഡബ്ല്യുഎ 134–ഡി ശ്രീവിനായക ഹൗസിൽ മനോജ് ( 30 )നെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. വിനോദിന്റെ ഭാര്യ രാഖിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായെന്നും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സൂചന നൽകി. രാഖി രണ്ടാം പ്രതിയാകുമെന്നാണു സൂചന.
കൊലപാതകത്തിൽ ഉൾപ്പെട്ട യുവതിയുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്ന് തിരുവനന്തപുരം റൂറൽ എസ്പി അശോക് അറിയിച്ചെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണത്തിനു നേതൃത്വം നൽകുന്ന വട്ടപ്പാറ സിഐ കെ. ബിജുലാൽ തയായില്ല.കഴിഞ്ഞ 12ന് വാടകക്കെട്ടിടത്തിനുമുന്നിൽ കഴുത്തിൽ കുത്തേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിലാണ് വിനോദിനെ നാട്ടുകാർ കണ്ടത്.
വിനോദ് പള്ളിയിൽ നിന്ന് ഉച്ചയോടെ മടങ്ങിയെത്തുമ്പോൾ വീടിന്റെ അടുക്കളയിൽ മനോജ് ഉണ്ടായിരുന്നു. മനോജും രാഖിയുമായുള്ള ബന്ധം വിനോദ് ചോദ്യം ചെയ്തതിൽ പ്രകോപിതനായി കത്തി കൊണ്ടു കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. കഴുത്തിൽ രണ്ടര ഇഞ്ചോളം കത്തി താഴ്ന്നിരുന്നു.വിനോദ് പുറത്തേക്ക് ഓടിയിറങ്ങുന്നതിനിടെ കമിഴ്ന്നു വീണു മരിച്ചു. മനോജ് വീടിന്റെ പുറകുവശത്തു കൂടി ഓടി രക്ഷപ്പെടുകയും ചെയ്തു.
അമ്മ രണ്ടു കൈകളും പുറകോട്ടു പിടിച്ചപ്പോൾ മാമൻ കത്തികൊണ്ട് അച്ഛന്റെ കഴുത്തിൽ കുത്തി എന്നായിരുന്നു വിനോദിന്റെ മകന്റെ വെളിപ്പെടുത്തൽ. ആറുവയസ്സുകാരന്റെ ഈ വെളിപ്പെടുത്തലിലാണ് ആത്മഹത്യയാണെന്നു കരുതിയ സംഭവം കൊലപാതകമാണെന്നു കണ്ടെത്താൻ വഴി തെളിഞ്ഞത്.
വിനോദ് സ്വയം കഴുത്തറുത്തു ജീവനൊടുക്കിയെന്നു ആദ്യം മൊഴി നൽകിയ ഭാര്യ രാഖിയും കുട്ടിയെക്കൊണ്ട് അതേപടി മൊഴി നൽകിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ പൊലീസിന്റെ തുടർ ചോദ്യം ചെയ്യലിൽ കുട്ടി സത്യം വെളിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയെത്തുടർന്നുള്ള ചോദ്യം ചെയ്യലിൽ മനോജിന്റെ സാന്നിധ്യം സമ്മതിക്കുകയായിരുന്നു. കൊലയ്ക്കുശേഷം ഒളിവിൽ പോയ മനോജ് ജാമ്യത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല.
വിനോദിന്റെ മരണം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമത്തിന് വട്ടപ്പാറ പൊലീസ് ആദ്യഘട്ടത്തിൽ കൂട്ടുനിന്നതായി ആരോപണം. വിനോദിന്റെ കൈയ്ക്കുള്ളിൽ രാഖിയുടെ തലമുടി കണ്ടെത്തിയിരുന്നു. ഇതു പൊലീസ് അവഗണിച്ചുവത്രേ. വീടിന്റെ അടുക്കളയിൽ മനോജ് എങ്ങനെയെത്തി എന്നതിനെ സംബന്ധിച്ചും ആദ്യം പൊലീസ് അന്വേഷിച്ചില്ല.. മുൻപ് കുടുംബവഴക്കിനെതുടർന്ന് രാഖിയിൽ നിന്നു പല പ്രാവശ്യം വിനോദിന് മർദ്ദനമേറ്റതായി പരാതി നൽകിയിരുന്നതും പൊലീസ് മറച്ചുവച്ചതായി സൂചനയുണ്ട്.
മകന്റെ അരുംകൊലയ്ക്കു കാരണം ഭാര്യ രാഖിയുടെ വഴിവിട്ട ബന്ധമെന്ന് വിനോദിന്റെ പിതാവ് ജോസഫ് പറയുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് മകനെയും കൂട്ടി വാടകകെട്ടിടം തേടി പോയത് രാഖിയുടെ നിർബന്ധം മൂലമായിരുന്നു. കുട്ടികൾ സുരക്ഷിതരല്ലെന്നതിനാൽ അവരെ വിട്ടു കിട്ടുന്നതിനായി നിയമപരമായി നീങ്ങാനാണ് ജോസഫിന്റെ തീരുമാനം .
Leave a Reply