ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ബ്രിട്ടനിലെ ലേബർ പാർട്ടി ശ്രമിച്ചതായുള്ള ആരോപണവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് രംഗത്തു വന്നു. നവംബർ 5-ാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ എതിരാളി കമലാ ഹാരിസിനെ അനുകൂലിച്ച് തനിക്കെതിരെ പ്രചാരണം നടത്താൻ ലേബർ പാർട്ടി അംഗങ്ങളെ റിക്രൂട്ട് ചെയ്ത് അയച്ചതായുള്ള അസാധാരണ പരാതി ആണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. ജൂലൈ 4 – ന് നടന്ന പൊതു തിരഞ്ഞെടുപ്പിലൂടെ യുകെയിൽ അധികാരത്തിലെത്തിയ നിലവിലെ ഭരണകക്ഷിയായ ലേബർ പാർട്ടിക്കെതിരെ യുഎസിലെ പ്രസിഡൻറ് സ്ഥാനാർത്ഥി ഉയർത്തിയ പരാതി രാഷ്ട്രീയ വൃത്തങ്ങളിൽ വൻ ചർച്ചകൾക്കാണ് കാരണമായിരിക്കുന്നത്.
ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രതിനിധികൾ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വീട്ടു വീടാന്തരം കയറി കമലാ ഹാരിസിനു വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചതായി ട്രംപിന്റെ ലീഗൽ ടീം വാഷിംഗ്ടണിലെ ഫെഡറൽ ഇലക്ഷൻ കമ്മീഷന് കൈമാറിയ പരാതിയിൽ ഉന്നയിച്ചു. എന്നാൽ സന്നദ്ധ സേവനം ചെയ്യുന്ന ബ്രിട്ടീഷുകാർ അവരുടെ ഒഴിവു സമയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് യു കെ സർക്കാരിന് ഒരു പങ്കുമില്ലെന്ന് സംഭവത്തോട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. മുൻ തിരഞ്ഞെടുപ്പുകളിലും ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. അത് അവരുടെ രാഷ്ട്രീയ വിശ്വാസത്തിൻറെ ഭാഗമാണെന്ന് പ്രധാനമന്ത്രി കൂട്ടി ചേർത്തു. ട്രംപുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ മുൻ യുഎസ് പ്രസിഡൻ്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപ് അധികാരത്തിൽ എത്തിയാൽ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകുമോ എന്നത് രാഷ്ട്രീയ നിരീക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നവംബർ 5-ാം തീയതി നടക്കുന്ന യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം അവസാന ഘട്ടത്തിലാണ്. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ വിശേഷങ്ങൾ അനുദിനം ലോക മാധ്യമങ്ങൾ വർത്തയാക്കികൊണ്ടിരിക്കുകയാണ് . യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കേ, അഭിപ്രായസർവേയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിൽ ആണ്.
Leave a Reply