നീലച്ചിത്രനടിക്ക് അവിഹിതബന്ധം മറച്ചുവെക്കാന്‍ പണംനല്‍കിയെന്ന കേസില്‍ യു.എസ്. മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. ക്രിമിനല്‍ക്കുറ്റം ചുമത്തിയ സാഹചര്യത്തില്‍ മാന്‍ഹാട്ടണ്‍ കോടതിയില്‍ ചൊവ്വാഴ്ച കീഴടങ്ങാനെത്തിയപ്പോഴാണ് ജഡ്ജി ജുവാന്‍ മെര്‍ച്ച അറസ്റ്റ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് യു.എസില്‍ ഒരു മുന്‍ പ്രസിഡന്റിന് ക്രിമിനല്‍ക്കേസില്‍ കോടതിയില്‍ കീഴടങ്ങേണ്ടിവരുന്നതും അറസ്റ്റുവരിക്കേണ്ടിവരുന്നതും.
മുദ്രവെച്ച കവറില്‍ സൂക്ഷിച്ചിരിക്കുന്ന കുറ്റപത്രം ജഡ്ജി ട്രംപിനെ വായിച്ചുകേള്‍പ്പിച്ചു. തന്റെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ച ട്രംപ് തന്നെ കുറ്റവിമുക്തനാക്കണമെന്ന് കോടതി മുമ്പാകെ അഭ്യര്‍ത്ഥിച്ചു. രണ്ട് മണിക്കൂര്‍നീണ്ട കോടതി നടപടികള്‍ക്കുശേഷം ട്രംപ് പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെയാണ് അദ്ദേഹം മടങ്ങിയത്. ട്രംപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ കലാപമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ഫ്‌ളോറിഡയിലെ മാര്‍ അ ലാഗോയിലുള്ള തന്റെ വസതിയില്‍നിന്ന് ബോയിങ് 757 വിമാനത്തിലാണ് ട്രംപ് ന്യൂയോര്‍ക്കിലെത്തിയത്. അവിഹിതബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്ര നടി സ്റ്റോമി ഡാനിയേല്‍സിന് 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുമ്പ് 1,30,000 ഡോളര്‍ (ഏകദേശം ഒരു കോടിയിലേറെ രൂപ) നല്‍കിയെന്ന കേസിലാണ് നടപടി.