ന്യൂയോര്‍ക്ക്: ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയ്‌ക്കെതിരായ ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ തുടച്ചു നീക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് മുന്നില്‍ ഇതല്ലാതെ മറ്റ് വഴികളില്ല. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ എത്തിയ ശേഷം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപ് നടത്തുന്ന ആദ്യ പ്രസംഗമാണിത്.
എല്ലാറ്റിനും മേലെ അമേരിക്കയുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് ട്രംപ് പറഞ്ഞു. നിരവധി മുന്നറിയിപ്പുകള്‍ അവഗണിച്ചും ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിനെ റോക്കറ്റ് മാന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. റോക്കറ്റ് മാന്‍ തന്റെയും തന്റെ ഭരണത്തിന്റെയും അന്ത്യം കുറിക്കുന്ന ആത്മഹത്യാ മിഷനിലാണെന്നും ട്രംപ് പരിഹസിച്ചു.
ഉത്തര കൊറിയ പ്രകോപനം അവസാനിപ്പിക്കുന്നത് വരെ കിങ് സര്‍ക്കാരിനെതിരെ യു.എന്‍ അംഗരാഷ്ട്രങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ യു.എന്‍ പ്രതിനിധികളായ ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് ട്രംപ് ആഞ്ഞടിച്ചത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിച്ചതിന് ജോര്‍ദാനെയും ടര്‍ക്കിയേയും ട്രംപ് അഭിനന്ദിച്ചു.
Leave a Reply