ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഏറ്റുമുട്ടി സിഎന്‍എന്‍ വൈറ്റ് ഹൗസ് ചീഫ് കറസ്‌പോണ്ടന്റ് ജിം അക്കോസ്റ്റ. സിഎന്‍എന്‍ നുണ പറഞ്ഞതിന് കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞില്ലേ എന്ന് അക്കോസ്റ്റയെ ചൂണ്ടി ട്രംപ് ചോദിച്ചപ്പോളാണ് അക്കോസ്റ്റ തിരിച്ചടിച്ചത്. മിസ്റ്റര്‍ പ്രസിഡന്റ് സത്യം പറയുന്ന കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളേക്കാള്‍ വളരെ മെച്ചമാണ് എന്നാണ് ജിം അക്കോസ്റ്റ തിരിച്ചടിച്ചത്.

എനിക്ക് ഒരു രാജ്യത്തിന്റെ സഹായം ആവശ്യമില്ല. അങ്ങനെ ഒരു രാജ്യത്ത് നിന്നും എനിക്ക് സഹായം കിട്ടിയിട്ടുമില്ല – യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍, ഉക്രൈന്‍ ഇടപെടലുകളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു, നിങ്ങളുടെ സിഎന്‍എന്‍ സത്യമല്ലാത്ത ചില കാര്യങ്ങള്‍ ചോദിച്ചതിന് മാപ്പ് ചോദിച്ചിരുന്നില്ലേ, എന്തിനായിരുന്നു ഇന്നലെ മാപ്പ് ചോദിച്ചത് – ട്രംപ് അക്കോസ്റ്റയോട് ചോദിച്ചിരുന്നു. മിസ്റ്റര്‍ പ്രസിഡന്റ്, സത്യം പറയുന്ന കാര്യത്തില്‍ നിങ്ങളുടേതിനേക്കാള്‍ ഏറെ മച്ചപ്പെട്ടതാണ് ഞങ്ങളുടെ റെക്കോഡ് – അക്കോസ്റ്റ പറഞ്ഞു. നിങ്ങളുടെ റെക്കോഡിനെക്കുറിച്ച് ഞാന്‍ പറയട്ടെ, നിങ്ങള്‍ അത് കേട്ട് ലജ്ജിക്കേണ്ടി വരും, ബ്രോഡ്കാസ്റ്റിംഗ് ചരിത്രത്തില്‍ ഏറ്റവും മോശപ്പെട്ട റെക്കോഡാണ്‌ – ട്രംപ് പറഞ്ഞു.

ഞാനോ എന്റെ സ്ഥാപനമോ ഒന്നിനെക്കുറിച്ചും ലജ്ജിക്കുന്നില്ല എന്ന് അക്കോസ്റ്റയുടെ മറുപടി. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ ട്രംപിന് റഷ്യന്‍ സഹായം ലഭിക്കുന്നതായി സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് സിഎന്‍എന്‍ ഈ റിപ്പോര്‍ട്ട് പിന്‍വലിച്ചു. ഇതേക്കുറിച്ചാണ് ട്രംപ് പറഞ്ഞത്

സിഎന്‍എന്‍ അടക്കമുള്ള യുഎസ് മാധ്യമങ്ങളുമായി നിരന്തര ഏറ്റുമുട്ടലിലാണ് 2017 ജനുവരിയില്‍ പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ ഡോണള്‍ഡ് ട്രംപ്. തനിക്കെതിരായ വിമര്‍ശനങ്ങളുടേയും വാര്‍ത്തകളുടേയും പേരില്‍ സിഎന്‍എന്നിനെ പലപ്പോളും ട്രംപ് പൊതുവേദികളില്‍ കടന്നാക്രമിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് ഡല്‍ഹിയിലുമുണ്ടായത്.

2018 അവസാനവും ട്രംപുമായി വാര്‍ത്താസമ്മേളനത്തിനിടെ അക്കോസ്റ്റ കൊമ്പുകോര്‍ത്തിരുന്നു. അക്കോസ്റ്റയുടെ പ്രസ് പാസ് അന്ന് വൈറ്റ് ഹൗസ് റദ്ദാക്കിയെങ്കിലും ഇതിനെതിരെ സിഎന്‍എന്‍ കോടതിയെ സമീപിക്കുകയും അക്കോസ്റ്റയ്ക്ക് പാസ് വീണ്ടും കിട്ടുകയും ചെയ്തിരുന്നു. അക്കോസ്റ്റ പല ചോദ്യങ്ങളും ട്രംപിനോട് ചോദിച്ചെങ്കിലും ട്രംപ് മറ്റൊരു റിപ്പോര്‍ട്ടറിലേയ്ക്ക് തിരിയുകയാണ് അന്ന് ചെയ്തത്. ഒരു വൈറ്റ് ഹൗസ് ഇന്റേണ്‍, അക്കോസ്റ്റയില്‍ നിന്ന് മൈക്ക് വാങ്ങിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപ് സിഎന്‍എന്നിന് അഭിമുഖങ്ങള്‍ നല്‍കിയിട്ടില്ല. 2016ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെയാണ് അവസാനമായി ട്രംപ് സിഎന്‍എന്നിന് ഇന്റര്‍വ്യൂ നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ