ഇംപീച്ച്മെന്റ് അന്വേഷണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്ക് കൂടുതല്‍ ചൂട് പിടിച്ചിരിക്കുകയാണ്. ഉക്രൈന് വിവാദവുമായി ബന്ധപ്പെട്ട വാദം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു പ്രധാന നയതന്ത്രജ്ഞന് ട്രംപിനെതിരെ ഉയര്‍ന്ന ഗുരുതരമായ ചില ആരോപണങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. അതോടെ വാദം കേള്‍ക്കുന്നത് തടസ്സപ്പെടുത്താന്‍ റിപ്പബ്ലിക്കന്മാര് ശ്രമിച്ചു. ക്യാപിറ്റല്‍ ഹില്ലിലെ അടഞ്ഞ മുറിക്കകത്തുവെച്ചാണ് വാദം തുടരുന്നത്. അതിനിടെ ജനപ്രതിനിധിസഭയിലെ ഒരു കൂട്ടം റിപ്പബ്ലിക്കൻ അംഗങ്ങൾ ‘ഞങ്ങളെയും അകത്തേക്ക് കടത്തുക’ എന്ന് ആക്രോശിച്ചുകൊണ്ട് അങ്ങോട്ടേക്ക് കുതിച്ചു. അതാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചത്.
സംഘര്‍ഷം അതിരുകടന്നതോടെ ഇംപീച്ച്മെന്റ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മൂന്ന് ഹൗസ് കമ്മിറ്റികളും താല്‍ക്കാലികമായി വാദം കേള്‍ക്കല്‍ അവസാനിപ്പിച്ചു. ചേംബറിലേക്ക് ഇരച്ചു കയറിയ റിപ്പബ്ലിക്കന്മാര് അവിടെ നടന്ന സംഭവങ്ങള്‍ തത്സമയം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ റിപ്പബ്ലിക്കന്മാര്ക്ക് വാദം നടക്കുന്ന സ്ഥലത്തേക്ക് കടക്കാന്‍പോലും പാടില്ല. അതിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള കമ്യൂണിക്കേഷന്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
കമ്മിറ്റികളില്‍ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളും ഡെമോക്രാറ്റുകളും ഉണ്ട്. അവര്‍ക്കുമാത്രമാണ് അകത്തേക്ക് കയറാനും സാക്ഷികളെ വിസ്തരിക്കാനും അനുവാദമുള്ളത്. പൊതുജനങ്ങള്‍ക്കും മാധ്യമാങ്ങള്‍ക്കുമെല്ലാം അവിടെ വിലക്കുണ്ട്. എന്നാല്‍ അതിക്രമിച്ചു കയറിയ റിപ്പബ്ലിക്കന്മാര് എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി. ഹിയറിംഗുകളുടെ സ്വകാര്യത തകര്‍ത്തു. യു.എസ് മുന്‍ വൈസ് പ്രസിഡന്റും ഡൊമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന ജോ ബൈഡനും മകനുമെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ യുക്രൈന് പ്രസിഡന്റ് വൊളേഡോ സെലന്‍സിക്ക് മേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് ഒരു വിസില്‍ബ്ലോവര്‍ വെളിപ്പെടുത്തിയതോടെയാണ് ട്രംപിനുമേല്‍ ഇംപീച്ച്മെന്റ് അന്വേഷണം നടത്താന്‍ യുഎസ് പ്രതിനിധിസഭ തീരുമാനിക്കുന്നത്.
രാജ്യരക്ഷയെ ബാധിക്കുന്ന വിധത്തിലുള്ള നടപടിയാണ് പ്രസിഡന്റ് സ്വീകരിച്ചതെന്ന ആരോപണത്തിലൂന്നിയാണ് ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചത്. ഉക്രൈനുമായുള്ള ബന്ധംതന്നെ രണ്ട് അന്വേഷണങ്ങളെ ആശ്രയിച്ചായിരിക്കും മുന്നോട്ടു പോവുകയെന്ന് ട്രംപ് വ്യക്തമായ സന്ദേശം നല്‍കിയിരുന്നുവെന്ന് മുതിര്‍ന്ന നയതന്ത്രജ്ഞനായ ബില്‍ ടെയ്ലര് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അതോടെ റിപ്പബ്ലിക്കന്മാര് കൂടുതല്‍ അസ്വസ്ഥരായി. അതിക്രമിച്ചു കയറിയവര്‍ വൈകുന്നേരം വരെ അവിടെത്തന്നെ നിന്നു. പിസ്സയും ഫാസ്റ്റ്ഫുഡും വരുത്തിച്ച് വിശപ്പടക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Leave a Reply