ന്യൂസ് ഡെസ്ക്, മലയാളം യുകെ
പെൻസിൽവാനിയയിൽ നടന്ന റാലിയിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിവെപ്പ്. വെടിയൊച്ച കേട്ടതിന് പിന്നാലെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിയിൽ നിന്ന് ഉടൻ മാറ്റി. സംഭവത്തിൻെറ വീഡിയോ ദൃശ്യങ്ങളിൽ വെടി ഉതിർത്തതിന് പിന്നാലെ അദ്ദേഹത്തിൻെറ വലതു ചെവിയുടെ ഭാഗത്തുനിന്ന് രക്തം ഒഴുകുന്നത് കാണാം. പെട്ടെന്ന് തന്നെ യുഎസ് രഹസ്യാന്വേഷണ ഏജൻ്റുമാർ ട്രംപിനെ വേദിയിൽ നിന്ന് മാറ്റുകയും ചെയ്‌തു. തൻ്റെ വലത് ചെവിയുടെ മുകൾ ഭാഗത്ത് വെടിയുണ്ട ഏറ്റതായി പിന്നീട് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ട്രംപ് ഇപ്പോൾ പ്രാദേശിക മെഡിക്കൽ സെൻ്ററിൽ ചികിത്സയിലാണെന്ന് വക്താവ് അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിൻെറ അടുത്ത് വരുമ്പോഴേക്കും അപകടം സംഭവിച്ചിരുന്നു. വെടിവച്ചതായി സംശയിക്കുന്നയാളെ സംഭവ സ്ഥലത്ത് വച്ച് തന്നെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് വക്താവ് ആൻ്റണി ഗുഗ്ലിയൽമി പറഞ്ഞു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ എഫ്ബിഐയുടെ നേതൃത്വത്തിൽ സജീവമായ അന്വേഷണം നടന്നുവരികയാണ്.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് പെൻസിൽവാനിയയിലെ അനുയായികളെ അഭിസംബോധന ചെയ്‌തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. നിലവിലെ പ്രസിഡന്റ ജോ ബൈഡനെയും അദ്ദേഹത്തിൻ്റെ ഭരണകൂടത്തെയും കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വെടിവെപ്പ് നടന്നത്. ട്രംപ് സംസാരിക്കുന്ന വേദിയുടെ വലതുവശത്തുള്ള ഒരു നില കെട്ടിടത്തിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
Leave a Reply