യു.കെ മറ്റൊരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ പരസ്യ പ്രതികരണവുമായി യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ബോറിസ് ജോൺസണും നിഗൽ ഫാരേജും ഒരുമിച്ചുനിന്ന് ആര്‍ക്കും ‘തടുക്കാന്‍ കഴിയാത്ത ഒരു ശക്തിയായി മാറണമെന്ന്’ നിര്‍ദേശിച്ച അദ്ദേഹം, ജെറമി കോർബിൻ ‘നിങ്ങളുടെ രാജ്യത്തിന് ഒട്ടും ചേരാത്ത ആളാണെന്ന്’ തുറന്നടിക്കുകയും ചെയ്തു.
അതേസമയം, ജോണ്‍സണ്‍ മുന്നോട്ടു വയ്ക്കുന്ന ബ്രെക്‌സിറ്റ് കരാര്‍ യുഎസുമായി തുടര്‍ന്നൊരു വ്യാപാര കരാർ ഉണ്ടാക്കുന്നതിന് തടസ്സമാണെന്നും ട്രംപ് പറഞ്ഞു. ‘ഇടപാടിലെ ചില വശങ്ങള്‍’ നോക്കുമ്പോള്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒരു വ്യാപാര ഉടമ്പടി ഉണ്ടാക്കുക അസാധ്യമാണ്’ അദ്ദേഹം വ്യക്തമാക്കി. യു.കെ-ക്ക് ഒരു സ്വതന്ത്ര വ്യാപാര നയമാണ് ഉണ്ടാവുക എന്ന ജോൺസന്റെ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പ്രസ്താവനയാണ് ട്രംപിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രി ട്രംപുമായി വളരെ അടുപ്പമുള്ളയാളാണെന്നും, യുഎസ് കമ്പനികൾക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള പൊതുമേഖല മൊത്തത്തില്‍ തീറെഴുതി കൊടുക്കുവാനാണ് അദ്ദേഹത്തിന്‍റെ ശ്രമമെന്നുമാണ് ജോണ്‍സണെതിരെ എതിരാളികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ എൻഎച്ച്‌എസ് വാങ്ങാൻ തനിക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, കോർബിനെതിരെ തിരിയുകയാണ് ചെയ്തത്.
എന്നാല്‍, യുകെ-യുഎസ് വ്യാപാര കരാർ സാധ്യമാകില്ലെന്ന ട്രംപിന്‍റെ വാദത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ‘ഞങ്ങളുടെ നിയമങ്ങളുടെയും, വ്യാപാരത്തിന്‍റെയും, അതിർത്തിയുടേയും നിയന്ത്രണം തിരിച്ചുപിടിക്കുന്ന ഒരു പുതിയ കരാര്‍ ഉണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അതു പ്രകാരം യു.കെ യൂറോപ്യൻ യൂണിയന്‍റെ കസ്റ്റംസ് യൂണിയനിൽ നിന്ന് പുറത്തുപോകും. അതിനർത്ഥം ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം സ്വതന്ത്ര വ്യാപാര ഇടപാടുകൾ നടത്താം എന്നാണ്’- നമ്പര്‍ 10 വ്യക്തമാക്കി. ‘ഞങ്ങൾക്ക് യുകെയുമായി വ്യാപാരം നടത്താൻ ആഗ്രഹമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടാക്കാന്‍ പോകുന്ന കരാര്‍ പ്രകാരം അതിന് സാധ്യതയില്ല’ എന്നാണ് ട്രംപ് പറയുന്നത്.
Leave a Reply