ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനികാക്രമണങ്ങളിൽ ബ്രിട്ടന്റെ വൈകിയ പിന്തുണയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിൻ്റെ നടപടിയെ പരിഹസിച്ച്, യുദ്ധം ജയിച്ച ശേഷം സഹായം നൽകുന്നത് ആവശ്യമില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിൽ പറഞ്ഞു. ഇനി രാജ്യങ്ങൾ തമ്മിലുള്ള തുടർനയതന്ത്ര ബന്ധങ്ങളിൽ ട്രംപിൻ്റെ പരാമർശങ്ങൾ കടുത്ത വിള്ളൽ ഉണ്ടാക്കും എന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യഘട്ടത്തിൽ അമേരിക്കയ്ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് പരിമിതമായ പ്രതിരോധ ആവശ്യങ്ങൾക്കായി ബ്രിട്ടൻ അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി നാല് അമേരിക്കൻ ബോംബറുകൾ ബ്രിട്ടനിലെ റോയൽ എയർഫോഴ്‌സ് താവളത്തിൽ എത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുന്നത് തടയുന്നതിനായുള്ള നടപടികളാണിത്.

അതേസമയം, മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് യുദ്ധക്കപ്പൽ അയയ്ക്കാനുള്ള സാധ്യതയും ബ്രിട്ടൻ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് യുദ്ധക്കപ്പൽ ഇതിനായി തുടരുകയാണെന്നും ആവശ്യമായാൽ ഉടൻ പുറപ്പെടാൻ ഒരുക്കം ശക്തമാക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ആവശ്യമായ സമയത്ത് ചില കൂട്ടാളികൾ പിന്തുണ നൽകാത്തതായി പരോക്ഷമായി വിമർശിക്കുകയും ചെയ്തു.