ബ്രക്‌സിറ്റ് നയങ്ങള്‍ അമേരിക്കയുമായുള്ള വ്യാപാരബന്ധം ഇല്ലാതാക്കിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ പുറത്തുവന്നിരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. യുകെ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ അത് അംഗീകരിക്കാന്‍ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ഏതാണ്ട് 24 മണിക്കൂറുകള്‍ക്ക് മുന്‍പാണ് തെരേസ മെയുടെ ബ്രക്‌സിറ്റ് നയങ്ങള്‍ അമേരിക്കയുമായുള്ള വ്യാപാരബന്ധത്തെ കൊന്നു കളഞ്ഞുവെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ നിരസിച്ച് അദ്ദേഹം തന്നെ രംഗത്ത് വരികയായിരുന്നു. ഇക്കാര്യത്തില്‍ തെരേസ മെയ്‌യോട് ക്ഷമാപണം നടത്തിയതായും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ബ്രക്‌സിറ്റിന് ശേഷം യുകെയുമായി വലിയ വ്യാപാരബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് യുഎസ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ്-മെയ് കൂടിക്കാഴ്ച്ചയുടെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. യുകെയുമായി ഫ്രീ-ട്രേഡ് കരാറിന് സമാന ധാരണയുണ്ടാക്കാനാണ് അമേരിക്കയുടെ താല്‍പ്പര്യം. ഇക്കാര്യം ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബ്രക്‌സിറ്റിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുകളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. ബ്രക്‌സിറ്റിന് ശേഷം വ്യാപാര കരാറുകള്‍ നാല് മടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് നിലവില്‍ ആലോചിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

  നിങ്ങളുടെ വീടുകളിലെ ഗ്യാസ് ബോയിലറുകൾ പരിസ്ഥിതി നിയമങ്ങൾക്ക് വഴിമാറുമ്പോൾ കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ എന്ത് ചെയ്യും. മൂന്നുമാർഗ്ഗങ്ങൾ പരിഗണനയിൽ

സുപ്രധാന ചര്‍ച്ചയില്‍ തെരേസ മെയ്‌യോട് ഒരേയൊരു കാര്യം മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടത് അത് വ്യാപാര കരാറിന് നിയന്ത്രണം ഉണ്ടാകരുതെന്നതാണ്. നമ്മുടെ രാജ്യങ്ങള്‍ക്ക് പരസ്പരം വ്യാപാരം നടത്താന്‍ താല്‍പ്പര്യമുള്ള കൂട്ടരാണ്. അതുകൊണ്ട് തന്നെ യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത് വ്യാപാര രീതിയാണ് നമുക്കാവശ്യമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ട്രംപ് യുകെ സന്ദര്‍ശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറകണക്കിന് ആളുകള്‍ ട്രംപിനെതിരെ പ്രതിഷേധവുമായി എത്തി. ട്രംപ് യുദ്ധക്കൊതിയനാണെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നും എഴുതി ബോര്‍ഡുകളായിരുന്നു സമരക്കാര്‍ പ്രധാനമായും ഉയര്‍ത്തിപ്പിടിച്ചത്. കൂടാതെ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ട്രംപിന്റെ നയങ്ങള്‍ പൈശാചികമാണെന്നും പ്രതിഷേധകര്‍ പറയുന്നു.