അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ യുകെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടനില്‍. ആയിരക്കണക്കിന് ട്രംപ് വിരുദ്ധരാണ് ബ്രിട്ടീഷ് തെരുവുകളില്‍ പ്രതിഷേധവുമായി അണിനിരന്നത്. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുകയാണ് സന്ദര്‍ശന ലക്ഷ്യമായി വിശദീകരിക്കപ്പെടുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നതും പ്രധാനമാണ്. പ്രധാനമന്ത്രി തെരേസ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.
ട്രംപിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോളും ബ്രിട്ടനില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ട്രംപിന്റെ സീറോ ടോളറന്‍സ് നയവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളെ തടവിലാക്കിയതും ചില രാജ്യങ്ങളില്‍ ന്ിന്നുള്ളവര്‍ക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയതുമെല്ലാം പ്രതിഷേധം ശക്തമാക്കുന്നുണ്ട്. പ്രതിഷേധം ഭയന്ന് ട്രംപിന്റെ പരിപാടികളെല്ലാം ലണ്ടന് പുറത്താണ് നടക്കുന്നത്.
50,000 പേര്‍ പങ്കെടുക്കുന്ന വന്‍ പ്രകടനമാണ് പ്രതിഷേധ പരിപാടികളില്‍ ഏറ്റവും പ്രധാനം. ലണ്ടന്‍, കേബ്രിഡ്ജ്, ബ്രിസ്‌റ്റോള്‍, ന്യൂകാസില്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുകള്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ട്രംപ് രാത്രി തങ്ങുന്ന സ്ഥലത്തിനു സമീപം പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം ഭയന്ന് പല തവണ മാറ്റിവെച്ചതിനു ശേഷമാണ് ട്രംപ് യുകെ സന്ദര്‍ശനത്തിന് എത്തിയത്.
Leave a Reply