ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്കെത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ട്രംപിന്റെ ബന്ധംസമീപ മാസങ്ങളില്‍ വഷളായ സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം ഒഴിവാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘നോബല്‍ സമ്മാനവും ഒരു പ്രകോപനപരമായ ഫോണ്‍ കോളും: ട്രംപ്-മോദി ബന്ധം എങ്ങനെ തകര്‍ന്നു’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇരുനേതാക്കളും തമ്മിലുള്ള ബന്ധം വഷളായത് സംബന്ധിച്ച് വിശദീകരിക്കുന്നത്.

ഈ വര്‍ഷം അവസാനം ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി മോദിക്ക് ആദ്യം ഉറപ്പ് നല്‍കിയെങ്കിലും, ഈ യാത്ര നടത്താന്‍ ട്രംപിന് ഇപ്പോള്‍ പദ്ധതികളില്ലെന്ന് അദ്ദേഹത്തിന്റെ ഷെഡ്യൂളിനെക്കുറിച്ച് അറിയാവുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

അതേസമയം ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച് യുഎസിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഒത്തുചേര്‍ന്ന് പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം താന്‍ ‘പരിഹരിച്ചു’ എന്ന യുഎസ് പ്രസിഡന്റിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്ക് ശേഷമാണ് ട്രംപും മോദിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി നിഷേധിച്ചിരുന്നു.

ട്രംപിന്റെ ഇടപെടലുകളില്‍ പ്രധാനമന്ത്രി മോദിക്ക് അതൃപ്തി വര്‍ധിച്ചുവെന്നും, ജൂണ്‍ 17-ന് ഇരു നേതാക്കളും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന് ശേഷം ഈ പ്രശ്‌നങ്ങള്‍ രൂക്ഷമായെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ നിന്ന് ട്രംപ് മടങ്ങിവരുമ്പോഴാണ് ആ സംഭാഷണം നടന്നത്. പാകിസ്താനുമായുള്ള സംഘര്‍ഷത്തില്‍ യുഎസ് മധ്യസ്ഥത ഇന്ത്യ അംഗീകരിക്കില്ലെന്ന് മോദി വ്യക്തമാക്കിയ ഒരു സംഘര്‍ഷഭരിതമായ നയതന്ത്ര സാഹചര്യത്തിന് ശേഷമായിരുന്നു ഇത്. ഇന്ത്യ പാകിസ്താനുമായി നേരിട്ട് പ്രശ്‌നം പരിഹരിച്ചുവെന്നും, വ്യാപാര കരാറിനെക്കുറിച്ചോ മധ്യസ്ഥതയെക്കുറിച്ചോ ട്രംപുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും മോദി ഊന്നിപ്പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളും വഷളായിരുന്നു.