യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനന്തരവൾ എഴുതിയ പുസ്തകമാണ് അദ്ദേഹത്തിന് പുതിയ തലവേദനയാകാന്‍ പോകുന്നത്. ‘ഇപ്പോൾ ലോകത്തെ ആരോഗ്യം, സാമ്പത്തിക സുരക്ഷ, സാമൂഹ്യഘടന എന്നിവയെ ഭീഷണിപ്പെടുത്തുന്ന ആളായി തന്റെ അമ്മാവൻ എങ്ങിനെ മാറിയെന്നാണ്’ പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് പ്രസാധകര്‍ വ്യക്തമാക്കി.
‘ലോകത്തിലെ ഏറ്റവും ശക്തവും പ്രവർത്തനരഹിതവുമായ കുടുംബങ്ങളിലൊന്നിനെ’ കുറിച്ച് എഴുതപ്പെട്ട പുസ്തകത്തില്‍ മേരി എൽ ട്രംപ് ഹൃദയഭേദകമായ പല കാര്യങ്ങളും വെളിപ്പെടുത്തുന്നതായി പ്രസാധകരായ സൈമൺ & ഷസ്റ്റർ പറയുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് ട്രംപെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് ട്രംപ്.
ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെ എങ്ങനെ എന്റെ കുടുംബം സൃഷ്ടിച്ചു എന്ന കഥപറയുന്ന മേരി എൽ ട്രംപിന്റെ ‘Too Much and Never Enough: How My Family Created the World’s Most Dangerous Man’ എന്ന പുസ്തകം ജൂലൈയിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ട്രംപിനേയും അദ്ദേഹത്തെ സൃഷ്ടിച്ച കുടുംബത്തേയും കുറിച്ചുള്ള ആധികാരിക ചിത്രമാണ് പുസ്തകം വാഗ്ദാനം ചെയ്യുന്നത്. ന്യൂയോർക്ക് ടൈംസിന് പുലിറ്റ്‌സർ സമ്മാനം നേടിക്കൊടുത്ത ട്രംപിന്റെ കുടുംബത്തിന്റെ നികുതി വിവരങ്ങള്‍ സംബന്ധിച്ച വാര്‍ത്തയുടെ പ്രധാന ഉറവിടം മേരിയായിരുന്നു.
ക്വീൻസിന്റെ ഹൃദയഭാഗത്തുള്ള മുത്തശ്ശിയുടെ വീട്ടിലാണ് മേരിയും വളര്‍ന്നത്. ഡൊണാൾഡും അദ്ദേഹത്തിന്റെ നാല് സഹോദരങ്ങളും വളർന്നതും അവിടെത്തന്നെയാണ്. ‘ഫ്രെഡ് ട്രംപും അദ്ദേഹത്തിന്റെ മൂത്തമക്കളായ ഫ്രെഡ് ജൂനിയറും ഡൊണാൾഡും തമ്മിലുള്ള വിചിത്രവും ദോഷകരവുമായ ബന്ധം ഉൾപ്പെടെ, അവഗണനയുടെയും ദുരുപയോഗത്തിന്റെയും ദാരുണവും വിനാശകരവുമായ കഥയാണ് പുസ്തകം പറയുന്നതെന്ന്’ ആമസോണില്‍ പ്രസിദ്ധീകരിച്ച പ്രസാധകക്കുറിപ്പില്‍ പറയുന്നു.
Leave a Reply