ലണ്ടന്‍: യൂണിവേഴ്സിറ്റി ട്യൂഷന് ഫീസുകള്‍ നിര്‍ണ്ണയിക്കേണ്ടത് കോഴ്സുകള്‍ മുന്നോട്ടു വെക്കുന്ന ജോലി സാധ്യതകള്‍ പരിഗണിച്ചാകണമെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്സ്. മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം ഫീസുകള്‍ നിര്‍ണ്ണയിക്കേണ്ടത്. യൂണിവേഴ്സിറ്റിയുടെ ചെലവുകള്‍, വിദ്യാര്‍ത്ഥിക്ക് കോഴ്സ് കൊണ്ടുണ്ടാകുന്ന പ്രയോജനം, രാജ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കുമുണ്ടാകുന്ന നേട്ടങ്ങള്‍ എന്നിവയാണ് ഹിന്‍ഡ്സ് നിര്‍ദേശിച്ച മൂന്ന് കാര്യങ്ങള്‍. മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും ഒരേ കോഴ്സുകള്‍ക്ക് ഒരേ ഫീസ് നിരക്ക് തന്നെയാണ് ഈടാക്കി വരുന്നതെന്നും അദ്ദേഹം സണ്‍ഡേ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചില വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേട്ടമുണ്ടാകാറുണ്ട്. വിവിധ നിരക്കുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യതകള്‍ ലഭിക്കുന്ന വിധത്തിലുള്ള ഒരു സംവിധാനമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഫണ്ടിംഗില്‍ സുപ്രധാന പ്രഖ്യാപനം സര്‍ക്കാര്‍ ഈയാഴ്ച നടത്താനിരിക്കെയാണ് ഹിന്‍ഡ്സിന്റെ പരാമര്‍ശങ്ങള്‍. ട്യൂഷന് ഫീസുകളില്‍ വന്‍ വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ പ്രഖ്യാപനത്തിലുണ്ടായേക്കും. നിലവില്‍ 9250 പൗണ്ടാണ് യൂണിവേഴ്സിറ്റികള്‍ ഈടാക്കുന്ന ട്യൂഷന് ഫീസ്. ഇത് 6000 പൗണ്ടായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതി. വിദ്യാഭ്യാസ വായ്പകളുടെ പലിശനിരക്ക് 6.1 ശതമാനമായി കുറയ്ക്കാനും നിര്‍ദേശമുണ്ടാകും.
കഴിഞ്ഞ ഓട്ടമില്‍ വാഗ്ദാനം ചെയ്ത ഫീസിളവും വിദ്യാഭ്യാസ ഫണ്ടിംഗിലെ പരിഷ്കാരങ്ങളുമാണ് ഇപ്പോള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന ഫീസും വാടക ഉള്‍പ്പെടെയുള്ള ചെലവുകളും മൂലം വിദ്യാര്‍ത്ഥികള്‍ കടക്കെണിയിലാകുന്നതായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എന്നാല്‍ വിദ്യാഭ്യാസ സെക്രട്ടറിയുടെ വിലിയിരുത്തല്‍ അനുസരിച്ച് വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാനുള്ള കാലപരിധി വെട്ടിക്കുറച്ചേക്കുമെന്നും സണ്‍ഡേ ടൈംസ് പറയുന്നു.
Leave a Reply