ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മലയാളികളുടെ ഇഷ്ടപ്പെട്ട കായിക വിനോദമാണ് ബാഡ്മിന്റൺ. എന്നാൽ ബാഡ്മിൻറണിൽ ഇംഗ്ലണ്ടിന്റെ തന്നെ പ്രതീക്ഷയായി കൊണ്ടിരിക്കുകയാണ് ലെസ്റ്ററിൽ നിന്നുള്ള മലയാളി വിദ്യാർഥി 12 വയസ്സുകാരൻ ലിയോൺ കിരൺ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബാഡ്മിൻറൺ ടൂർണമെന്റിൽ സജീവസാന്നിധ്യമായി നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ലിയോൺ ഓൾ ഇംഗ്ലണ്ട് അണ്ടർ 13 ബ്രോൺസ് വിഭാഗത്തിൽ സിംഗിൾസിന് ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ നേടിയാണ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 18 -ന് ബക്കിംഗ് ഹാം ഷെയർ മിൽട്ടൺ കെയിൻസിൽ വച്ച് നടന്ന മത്സരത്തിലാണ് ലിയോൺ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ലെസ്റ്റർ സിറ്റി കൗൺസിൽ കൗണ്ടിയിൽ, സിംഗിൾസ് , ഡബിൾസ് , മിക്സഡ് ഡബിൾസ് വിഭാഗത്തിലും ലിയോൺ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്.

ലെസ്റ്റർ സെന്റ് പോൾസ് കാത്തലിക്ക് ഹയർ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയായ ലിയോണിന് സ്പോർട്സിനോട് പ്രത്യേകിച്ച് ബാഡ്മിന്റനോടുള്ള സ്നേഹം പാരമ്പര്യമായി ലഭിച്ചതാണ്. ചാർട്ടേഡ് അക്കൗണ്ടന്റായ ലിയോണിന്റെ പിതാവ് കിരൺ വോളിബോളിൽ ഒരുകാലത്ത് കേരളത്തിലെ ഏറ്റവും മികച്ച ടീമായിരുന്ന പാലാ സെൻറ് തോമസ് കോളേജിലെ വോളിബോൾ ടീമിൻറെ നെടുംതൂണ് ആയിരുന്നു. ഒരു മികച്ച ബാഡ്മിന്റൺ കളിക്കാരൻ കൂടിയായ കിരൺ യുകെയിലും, യൂറോപ്പിലുമുള്ള ഒട്ടുമിക്ക വോളിബോൾ ബാഡ്മിൻറൺ ടൂർണമെന്റുകളിൽ പങ്കെടുക്കുകയും, നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാഡ്മിൻറണില് ചൈനയിലെ മുൻ നാഷണൽ ചാമ്പ്യനായിരുന്ന ബില്ലിയുടെയും തമിഴ്നാട് സ്വദേശി ഇമ്മാനുവേലിന്റെയും കീഴിലാണ് ലിയോൺ കിരണിന്റെ പരിശീലനം. ലെസ്റ്റർ ബാഡ്മിൻറൺ ക്ലബ്ബിൻറെ മെമ്പറായ ലിയോണിന്റെ നേട്ടങ്ങൾക്ക് ക്ലബ്ബിൻറെ സജീവ പിന്തുണയുണ്ട്. ലിയോണിന്റെ പിതാവ് കിരൺ ഇടുക്കി, ഉപ്പുതറ ചിറ്റപ്പനാട്ട് കുടുംബാംഗമാണ്. പൂഞ്ഞാർ , പെരിങ്ങുളം നെടുങ്ങനാൽ കുടുംബാംഗമാണ് മാതാവ് ദീപാ മരിയ. സഹോദരൻ റയൺ ജിസിഎസ്സി വിദ്യാർത്ഥിയാണ്.

ലിയോൺ കിരണിന്റെ നേട്ടത്തിൽ ലെസ്റ്ററിലെ മലയാളി അസോസിയേഷനായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.