പതിനേഴു വയസ്സുള്ള വിദ്യാർഥിയെയും കൂട്ടി നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കർണാടകയിലെ കൊല്ലൂരിൽനിന്ന് ചേർത്തല പോലീസ് പിടികൂടിയത്. പോക്സോ പ്രകാരം യുവതിക്കെതിരേ കേസെടുത്തു.
കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണു നടപടി. 12 ദിവസം മുൻപാണ് സനൂഷ തന്റെ മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പോലീസിൽ പരാതി നൽകി. ചേർത്തല പോലീസിൽ യുവതിയുടെ ബന്ധുക്കളും പരാതി നൽകി.
ഫോൺ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവിൽ ഉണ്ടെന്നറിഞ്ഞ് പോലീസ് അവിടെ ചെന്നെങ്കിലും കണ്ടെത്താനായില്ല. യുവതി പിന്നീട് ഫോൺ സ്വിച്ച് ഓൺചെയ്ത് ബന്ധുവിന് വാട്സാപ്പ് സന്ദേശമയച്ചതാണ് പിടിവള്ളിയായത്. ഇതു പിന്തുടർന്ന് ചേർത്തല പോലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
കുട്ടികൾക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭർത്താവിനെ ഏൽപ്പിച്ചു. ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.
Leave a Reply