ന്യൂസ് ഡെസ്ക് മലയാളം യുകെ

കുന്നത്തുനാട് : കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത വികസനപ്രവർത്തനങ്ങളുമായി ട്വന്റി 20 ജനഹൃദയങ്ങളിൽ വീണ്ടും സ്ഥാനം പിടിക്കുന്നു . വേറിട്ട രാഷ്ട്രീയ പ്രവർത്തനവും , വികസന പ്രവർത്തനങ്ങളും കൊണ്ട് ലോകശ്രദ്ധ നേടിയ ട്വന്റി 20 എന്ന രാഷ്ട്രീയ പ്രസ്ഥാനം അവർ വിജയിച്ച കുന്നത്തുനാടിനെ മാതൃക പഞ്ചായത്തായി മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കുന്നത്തുനാട്ടിൽ ഇൻഡസ്ട്രിയൽ പാർക്ക്‌ നിർമ്മിച്ച് പഞ്ചായത്തിൽ നിന്നുള്ള രണ്ടായിരം പേർക്ക് ജോലി നൽകികൊണ്ട് കേരളത്തിലെ മികച്ച പഞ്ചായത്തുകളിൽ ഒന്നാക്കി കുന്നത്തുനാടിനെ മാറ്റാനുള്ള എല്ലാ പദ്ധതികളും തയ്യാറായി കഴിഞ്ഞു.

ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ട്വന്റി 20 കേരളത്തിൽ  നടത്തിയത്. ഇത്തവണ കിഴക്കമ്പലത്തിന് പുറമെ, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളും ട്വന്റി 20 പിടിച്ചടക്കിയിരുന്നു. കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ അധികാരം ഏറ്റെടുത്തതിന് പിന്നാലെ വികസന പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ട ചർച്ചയിൽ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനാണ് പാർട്ടി മുൻ‌തൂക്കം നൽകിയത് .  സാബു എം ജേക്കബിന്റെ നേതൃത്വത്തിലാണ് എട്ടു വർഷങ്ങൾക്ക് മുമ്പ് ഈ സംഘടന രൂപമെടുത്തത്.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കുന്നത്തുനാടിനെ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തുകളിൽ ഒന്നാക്കി മാറ്റാനുള്ള പ്രാരംഭ ചർച്ചകളാണ് നടന്നതെന്ന് സാബു അറിയിച്ചു. 20 വർഷത്തിലേറെയായി തരിശായി കിടക്കുന്ന  ഭൂമി കൃഷി യോഗ്യമാക്കുക, ഗ്രീൻ ഇൻഡസ്ട്രിയൽ പാർക്ക്‌ നിർമ്മിച്ച് പഞ്ചായത്തിൽ നിന്നുള്ള 2000 പേർക്ക് ജോലി നൽകുക, സമ്പൂർണ ആരോഗ്യ പദ്ധതി നടപ്പിലാക്കുക, പഞ്ചായത്തിലെ ജനങ്ങൾക്ക് സാമ്പത്തിക വിദ്യാഭ്യാസം നൽകി അതിലൂടെ പണം എപ്രകാരം വിനിയോഗിക്കാമെന്ന് പഠിപ്പിക്കുക എന്നീ പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒപ്പം തോട് വീണ്ടെടുപ്പും ശുചീകരണവും, എല്ലാ വാർഡുകളിലും കുട്ടികൾക്കായുള്ള പാർക്ക്, സ്വയം തൊഴിൽ പദ്ധതികൾ , സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന പഞ്ചായത്ത്‌ സ്ഥലം വീണ്ടെടുക്കൽ , ബസ് സ്റ്റാൻഡ് നവീകരണം, ലോകോത്തര നിലവാരമുള്ള ആധുനിക ഷോപ്പിങ് കോംപ്ലക്സ് നിർമാണം എന്നിവയും ട്വന്റി 20 സാധ്യമാക്കുമെന്ന് സാബു എം ജേക്കബ്‌ കൂട്ടിച്ചേർത്തു.ഇത് പഞ്ചായത്തിന്റെ വരുമാനം വർധിപ്പിക്കും. വിശപ്പ് രഹിത പഞ്ചായത്ത്‌ എന്ന ആശയത്തോട് ചേർന്ന് നിന്ന് പട്ടിമറ്റം, പള്ളിക്കര എന്നിവിടങ്ങളിൽ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനും പഞ്ചായത്ത്‌ ഭരണസമിതി തീരുമാനമെടുത്തു .

വാഗ്ദാനങ്ങൾ നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ കുന്നത്തുനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ കോച്ചേരിത്താഴം തോട് ട്വന്റി-20യുടെ നേതൃത്വത്തിൽ ട്രഞ്ചർ ഉപയോഗിച്ച് ചെളി നീക്കി ശുചീകരിച്ചു കഴിഞ്ഞു. കടമ്പ്രയാറിന്റെ കൈവഴിയായ ഈ തോടിന്റെ നാലു കിലോമീറ്ററോളം ദൂരം ചെളി നീക്കി ആഴം വർധിപ്പിക്കുന്ന ജോലികളാണ് ട്വന്റി-20യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്വൻറി 20 ക്ക് വൻ സ്വീകാര്യതയാണ് കേരളത്തിലും വിദേശത്തുമുള്ള മലയാളികളിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . എറണാകുളം ജില്ലയിൽ മാത്രമല്ല മറ്റു ജില്ലകളിലേക്കും മത്സരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വലിയ സമൂഹമാണ്  ട്വന്റി-20 ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ട്വന്റി-20 ക്ക് ലഭിക്കുന്ന ജനപിന്തുണ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് വലിയ ഭീഷണി തന്നെയാണ് ഉയർത്തുന്നത്. ഈ വിധം വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ട്വന്റി-20 ക്ക്  വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വൻ വിജയം കൈവരിക്കാനാകുമെന്നാണ് മഹാഭൂരിപക്ഷവും കരുതുന്നത്.