കേന്ദ്രസർക്കാറുമായി നിരന്തരം കൊമ്പുകോർക്കുന്ന ട്വിറ്ററിനെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇന്ത്യൻ ഭൂപടം തെറ്റായി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.
ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്കു പുറത്ത് പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ഭൂപടം പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെ നടപടിയെടുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
എന്തുകൊണ്ടാണ് ഇന്ത്യയുടെ ഭാഗമായ ജമ്മുകശ്മീരും ലഡാക്കും ട്വിറ്ററിൻറെ ഇന്ത്യ ഭൂപടത്തിൽ ഉൾപ്പെടുത്താത്തത് എന്നതിൽ ട്വിറ്ററിൻറെ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.
‘ട്വീപ്പ് ലൈഫ്’ വിഭാഗത്തിലാണ് കശ്മീരും ലഡാക്കും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ഭൂപടത്തിനെതിരെ രൂക്ഷവിമർശനമാണ് ഉപയോക്താക്കളിൽനിന്ന് ഉയരുന്നത്.
പുതിയ ഡിജിറ്റൽ നിയമങ്ങൾ പാലിക്കുന്നതിലെ തർക്കം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ട്വിറ്ററുമായി ഇടഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാർ, ഭൂപട വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചത്.
അതേസമയം ട്വിറ്റർ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസറായി കാലിഫോർണിയയിൽ നിന്നുമുളള ജെറെമി കെസ്സെലിനെ നിയമിച്ചു. പുതിയ ഐ ടി നിയമപ്രകാരം പരാതി പരിഹാര ഓഫീസർ ആയി ഒരു ഇന്ത്യക്കാരൻ തന്നെ വേണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം നിലനിൽക്കുമ്പോഴാണ് ട്വിറ്ററിന്റെ ഈ നീക്കം.
കേന്ദ്രവുമായി കൊമ്പുകോർക്കുന്നതിനിടെ ആഴ്ചകൾക്കു മുമ്പ് നിയമിതനായ ധർമേന്ദ്ര ചതുർ കഴിഞ്ഞദിവസം രാജിവെച്ച ഒഴിവിലാണ് നിയമനം.
തിങ്കളാഴ്ച രാവിലെയാണ് കെസ്സെലിനെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു കൊണ്ടുള്ള അറിയിപ്പ് ട്വിറ്റർ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ നിന്നുള്ളയാളാണ് കെസ്സെൽ. ഇന്ത്യയിൽ നിന്നുള്ള പരാതികൾക്കായുള്ള ഇമെയിൽ കെസ്സെലിന് നൽകി.
മേയ് 25നാണ് പുതിയ ഐ ടി നിയമം നിലവിൽ വന്നത്. പരാതി പരിഹാര ഓഫീസർ, കംപ്ളയൻസ് ഓഫീസർ, നോഡൽ ഓഫീസർ എന്നീ മൂന്ന് സ്ഥാനങ്ങളിലും ഇന്ത്യക്കാരെ നിയമിക്കണമെന്നതായിരുന്നു പ്രധാന നിയമങ്ങൾ. എന്നാൽ ഇവ അനുസരിക്കാൻ ട്വിറ്റർ ഇതു വരെ സന്നദ്ധത കാണിച്ചിട്ടില്ല.
Leave a Reply