രാധാകൃഷ്ണൻ മാഞ്ഞൂർ

വിയർത്തൊലിച്ചു വരുന്ന ടാപ്പിങ് തൊഴിലാളികൾ എനിക്ക് പണിക്കൂലി തരുന്ന ദൈവങ്ങളായി. ചില പണികൾ നന്നായി ……. ചിലരുമായി കലഹിച്ചു …..ചിലർ ശപിച്ചു ……കൂടുതൽ പണിക്കൂലി കിട്ടിയ ദിവസങ്ങളിൽ ആനന്ദത്തിന്റെ അതീവമായ സംത്രാസങ്ങളിൽ പൊട്ടിക്കരഞ്ഞു.

സംതൃപ്തിയുടെ തൊഴിലിടം

പുതിയ വാക്കത്തിയും , തോട്ടങ്ങളിൽ കള വീശുന്ന അരിവാളുമൊക്കെ നിർമിക്കുമ്പോൾ പാകപ്പിഴകളുണ്ടായി ….. ചിലതൊക്കെ ബാലികേറാമലയായിരുന്നു ….. എങ്കിലും ഒരു വിധം സംതൃപ്തി തരുന്ന രീതിയിലേക്ക് തൊഴിലിടം മാറി

എനിക്കു മുന്നേ കടന്നു പോയ പൂർവികരെ മനസ്സിലോർത്തു. കാർന്നോന്മാരുടെ അനുഗ്രഹമാണ് തൊഴിലിനു വേണ്ടത് . അച്ഛനാണ് മനസ്സിൽ .

യാദൃശ്ചിതകളുടെ സാഹിത്യ പിറവികൾ

തികച്ചും യാദൃശ്ചികതകളിലാണ് സാഹിത്യ സൃഷ്ടികളുടെ പിറവി. പലപ്പോഴും തൊഴിലിടത്തെ പണിക്കിടയിലാവും കഥയുടെ മൂശ രൂപപ്പെടുത്തുന്നത് . പ്യൂപ്പയുടെ സുപ്താവസ്ഥയിൽ നിന്നും ഏതെങ്കിലും പേപ്പറുകളിൽ കുറിച്ച് വയ്ക്കും. പിന്നീട് ചില രാത്രികളിൽ വികലമായ കൈയ്യക്ഷരങ്ങളിൽ കഥ എന്ന് പേരിട്ട് ഹൃദയത്തോട് ചേർത്തു വയ്ക്കും . അത്രമേൽ സ്നേഹിക്കുന്ന ഈ വിശുദ്ധ നിമിഷങ്ങളെ ഈയുള്ളവൻ എങ്ങനെ മറക്കും ….?

കരിയും പുകയും ഏറ്റുവാങ്ങിയ പഴയൊരു 200 പേജിൻറെ ബുക്ക് ഈയിടെ ഇരുമ്പു കഷണങ്ങൾക്കിടയിൽ നിന്നു കണ്ടു കിട്ടി. വർഷങ്ങൾക്ക് മുമ്പ് എന്തൊക്കെയോ എഴുതിയിരുന്ന നോട്ടുബുക്ക് ……. അതിനുള്ളിൽ മറ്റൊരു നിധിയുണ്ടായിരുന്നു . അച്ഛൻ ഉപയോഗിച്ചിരുന്ന ഒരു പോക്കറ്റ് ഡയറി . നീല മഷി പേന കൊണ്ട് എഴുതിയ ചില കുറിപ്പുകൾ . ഏതോ ആശാരി ചേട്ടന് ഉണ്ടാക്കി കൊടുക്കേണ്ട വീതുളിയുടെയും ഇടത്തരം ഉളിയുടെയും അംഗുലം കണക്കുകൾ …. വാങ്ങിയ അഡ്വാൻസ് തുകകൾ ….

വർഷങ്ങൾക്ക് മുൻപ് കാഞ്ഞിരപ്പള്ളിയിലെ ഒരു പകൽ നേരത്ത് ആലയിൽ ഒരാൾ വന്നു . പ്രായത്തിന്റെ അസ്കിതയിൽ, വന്നയുടനെ പെട്ടിപ്പുറത്തിരുന്നു . അച്ഛനെ ആളെ മനസ്സിലായില്ല … ഞാൻ അത്ഭുതം കൊണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. ഒരു കാലത്ത് ഞങ്ങളുടെ കുഗ്രാമത്തിൽ സാഹസികതയുടെ ആൾരൂപമായിരുന്ന ജോൺസൺ എന്ന സർക്കസ് കലാകാരൻ .

ഈയുള്ളവൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് മാഞ്ഞൂരിൽ സർക്കസ് പരിപാടികളുമായി ജോൺസണും സംഘവും വരുന്നത് . ഫാന്റവും മാൻഡ്രേക്കും പോലുള്ള ചിത്രകഥാ നായകന്മാരെ ആരാധിക്കുന്ന ചെറുബാല്യങ്ങൾക്ക് ജോൺസൺ വീരപുരുഷനായി….. നെഞ്ചത്ത് ആട്ടുകല്ലും, അരകല്ലും വയ്ക്കുക, ജീപ്പ് കയറിൽ കെട്ടിവലിക്കുക, ആറടി താഴ്ചയിൽ ഇറങ്ങി കിടന്നിട്ട് മുകളിൽ മണ്ണിട്ടു മൂടുക തുടങ്ങിയ വീരകൃത്യങ്ങൾ ……

ആ ജോൺസണാണ് മുന്നിൽ നിൽക്കുന്നത്.

ജോൺസൺ ചേട്ടന് ഭക്ഷണം വാങ്ങി കൊടുക്കാൻ അച്ഛൻ പറഞ്ഞു . ഹോട്ടലിൽ ഭക്ഷണത്തിന് മുന്നിലിരുന്നപ്പോൾ ശ്വാസം വിടാൻ പോലും അയാൾ നന്നേ ബുദ്ധിമുട്ടിയിരുന്നു . ഭക്ഷണം കഴിഞ്ഞ് ഇറങ്ങാൻ നേരം എന്നോട് ചോദിച്ചു ” അന്ന് ഞാൻ കാണിച്ച് സർക്കസ്സൊക്കെ ഇയാൾക്ക് ഇഷ്ടപ്പെട്ടിരുന്നോ?” എന്തൊരു ചോദ്യമാണിതെന്നുള്ള ഭാവത്തിൽ ആ സാധു മനുഷ്യനെ നോക്കി . ഞാനും , കൂട്ടുകാരും ജയനെയും, നസീറിനെയും ആരാധിച്ചിരുന്നതുപോലെ താങ്കളെ ആരാധിച്ചിരുന്നുവെന്ന് പറഞ്ഞപ്പോൾ വാർദ്ധക്യം ബാധിച്ച ആ കണ്ണുകൾ തിളങ്ങുന്നത് കണ്ടു.

ലോക സഞ്ചാരി കണ്ട ‘രാധ ‘

കാഞ്ഞിരപ്പള്ളി ജീവിതത്തിൽ ഒരുപാട് വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു .

ഒരു നല്ല ശ്രോതാവാകുന്നത് വലിയൊരു കാര്യമാണ്. അവർ പറയുന്നത് നാം കേൾക്കുക…..അതേ സ്നേഹത്തിൻറെ ഒരു കരുതൽ.

വർഷങ്ങൾക്ക് മുൻപ് തൂലികാ സൗഹൃദത്തിലൂടെ വളർന്ന ഒരു സ്നേഹ ബന്ധത്തിൻറെ കഥ.

എ ക്യു മഹ്ദിയെന്ന ലോകസഞ്ചാരി കൊല്ലം ജില്ലയിൽ ചിന്നക്കടയിൽ താമസിക്കുന്നു. എഴുപതോളം രാജ്യങ്ങൾ സന്ദർശിച്ചു . പതിനെട്ട് സഞ്ചാര കൃതികൾ, റേഡിയോ ബെൻ സിംഗർ ( എഫ് എം നിലയം കൊല്ലം) ജോക്കി , നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ അധിപൻ , കഥാകൃത്ത് . മഹ്ദി മാഷിന് ഞാൻ അയക്കുന്ന കത്തുകൾ ഏറ്റവും കുറഞ്ഞത് പത്ത് പേജായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ വ്യത്യസ്തരായ മനുഷ്യരെപ്പറ്റി, അവരുടെ ജീവിത കാഴ്ചപ്പാടുകളെപ്പറ്റിയൊക്കെ വാരിവലിച്ചെഴുതും.

2005 -ലെ ഒരു വേനൽ പകലിൽ ഈ ലോകസഞ്ചാരി എൻെറ പണിശാലയിൽ വന്നു. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. എൻെറ പൊള്ളുന്ന ജീവിതം കണ്ട് അത്ഭുതപ്പെട്ടു. ആ കൂടിക്കാഴ്ച യെപ്പറ്റി കൊച്ചിയിലെ ‘വാസ്തവം’ മാസികയിൽ അദ്ദേഹം എഴുതി.

‘കുങ്കുമം’ വാരികയിലും കണ്ണൂരെ ‘സമയം’ മാസികയിലും എന്നെ കഥാപാത്രമാക്കി കൊണ്ട് കഥകളെഴുതി.

‘ഈജിപ്ഷ്യൻ കാഴ്ചകൾ’ എന്ന പുസ്തകത്തിന് ഞാനൊരു ആസ്വാദന കുറിപ്പ് എഴുതി. കോഴിക്കോട് ചന്ദ്രിക ആഴ്ചപ്പതിപ്പ് അത് പ്രസിദ്ധീകരിച്ചു. സ്നേഹം കൊണ്ട് ‘രാധ’ യെന്നാണ് എന്നെ വിളിക്കുന്നത്. ഒരു തവണ അദ്ദേഹം കാഞ്ഞിരപ്പള്ളി ടിബിയിലാണ് താമസിച്ചത്. ടിബിയുടെ മുറ്റത്ത് വാഗമരത്തിൻെറ ചുവട്ടിലിരുന്ന് രാത്രിയിലെ നിലാവ് നോക്കി കിഷോർ ജിയുടെയും, മുഹമ്മദ് റാഫിയുടെയും ഹിന്ദി ഗാനങ്ങൾ ആലപിച്ചു. 1968 ലെ ‘മധുമതി’ എന്ന ചിത്രത്തിൽ ശൈലേന്ദ്ര ഘോഷ് എഴുതി പ്രിയപ്പെട്ട സലിൽ ചൗധരിയുടെ ഈണത്തിലുള്ള ഗാനം മ്യൂസിക് പ്ലെയറിൽ എന്നെ കേൾപ്പിച്ചത് ഇന്നലെയെന്നപോൽ ഓർക്കുന്നു…. പ്രിയപ്പെട്ട ആത്മമിത്രത്തിന് സ്നേഹ വന്ദനം.

കാഞ്ഞിരപ്പള്ളിയിൽ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും കൂട്ടായ്മയിൽ സമചിന്താ സാഹിത്യ സംഘം രൂപീകരിച്ചപ്പോൾ മംഗളം ലേഖകൻ ശ്രീ . പീറ്റർ ആനക്കല്ല് ചെയർമാനായും, ഞാൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു . പീറ്റർ ആനക്കല്ലാണ് ജോസ് പുല്ലുവേലിയെന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയത് .

അദ്ദേഹം പുതിയതായി സ്ഥാപിച്ച ‘നവീക ബുക്സ്’ എന്ന പുസ്തക പ്രസാധന സ്ഥാപനത്തിൻറെ ജനറൽ എഡിറ്ററാക്കി എന്നെ നിയമിച്ചു. നവീക ബുക്സ് ആറു പുസ്തകങ്ങളിലൊന്ന് എൻറെ ‘നിലാവിൻറെ ജാലകം ‘എന്ന കഥാസമാഹാരമായിരുന്നു . നവീകയുടെ ആഭിമുഖ്യത്തിൽ ‘അക്ഷരക്കാഴ്ച ‘ യെന്ന മാസികയും തുടങ്ങി . മാസികയുടെ ചീഫ് എഡിറ്ററും ഞാനായിരുന്നു . ഒൻപത് ലക്കങ്ങൾ പിന്നിട്ടപ്പോൾ മാസിക മൃതിയടഞ്ഞു . പക്ഷേ പ്രസാധനത്തിന്റെ പുതു ചക്രവാളങ്ങൾ തേടിയ ആ പ്രസിദ്ധീകരണം നൽകിയ ആത്മവിശ്വാസം വളരെ വലുതാണ് . നിരവധി എഴുത്തുകാർക്ക് മാസിക ഒരു താങ്ങും തണലുമായിരുന്നു.

2015 ‘പരസ്യപ്പലകയിലൊരു കുട്ടി ‘എന്ന രണ്ടാമത് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിത്രരശ്മി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത് .

മാഗസിൻ ജേർണലിസം തുടങ്ങിയതോടെ കേരള ജേർണലിസ്റ്റ് യൂണിയൻ, ആൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ എന്നിവയിൽ മെമ്പറാകാനും സാധിച്ചു.

1986 ൽ ഭരതം കഥാപുരസ്കാരം ,1997 -ൽ അസ്സീസി സാഹിത്യ അവാർഡ് എന്നിവ നേടി. പ്രശസ്തരായ ആറു എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് അവതാരികകൾ എഴുതി.

അമ്മയുടെ മരണം എന്നെ വല്ലാതെ ഉലച്ചു .2010 ഒക്ടോബർ പതിനാറാം തീയതി 82 വയസ്സ് പ്രായത്തിൽ അമ്മ കടന്നു പോയി …….. മാഞ്ഞൂരിലെ വീട് വളരെ നിശബ്ദമായി .

ഏറെക്കാലം എഴുത്തിൽ നിന്നെല്ലാം പിന്തിരിഞ്ഞു തൊഴിലിടത്തെ തിരക്കിൽ അമർന്നു വീണ് എങ്ങോട്ടൊക്കെയോ ഞാനും സഞ്ചരിച്ചു.

പ്രളയം തകർത്ത സിനിമ സ്വപ്നങ്ങൾ

2018 ഏപ്രിൽ ഏഴാം തീയതിയാണ് എൻറെ സ്കൂൾ സഹപാഠിയും പ്രശസ്ത സംഗീത സംവിധായകനും തേവലക്കര ഗവൺമെൻറ് യുപിസ്കൂൾ അധ്യാപകനുമായ ശ്രീ കെ ജി കൃഷ്ണയുടെ ഫോൺ വരുന്നത്.

തൊള്ളായിരത്തിൽപ്പരം ഗാനങ്ങൾ ചെയ്തിരിക്കുന്ന കെ.ജി ശ്രീകൃഷ്ണ വലിയൊരു സ്വപ്ന പദ്ധതിയിലേക്കാണ് ക്ഷണിച്ചത് . പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീരാഗം ഷാജിയുടെ പുതിയ സിനിമയ്ക്ക് തിരക്കഥ നീ തിരക്കഥ എഴുതണമെന്ന് . എനിക്ക് ആകെ ടെൻഷനായി. ചങ്ങാതിയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സമ്മതിച്ചു. വൺ ലൈൻ കേട്ടു. മൂന്ന് സ്ഥലങ്ങളിലായി തിരക്കഥയെഴുത്തും , കേൾവിയും ,ചർച്ചയും ഗംഭീരമായി നടന്നു . ഒടുവിൽ തിരക്കഥയ്ക്ക് പേരിട്ടു ‘പറഞ്ഞു തീരാത്ത കഥ’ ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ നടക്കുന്ന ജീവിതകഥ . കൊല്ലം ‘ ഗ്രീൻ വേ’ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മാണം . കെ.ജി. കൃഷ്ണ മനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തി റെക്കോർഡിങ് നടത്തി . ഭരതേട്ടന്റെ ‘വെങ്കലം ‘ സിനിമ ചിത്രീകരിച്ച മായന്നൂർ ഗ്രാമം ലൊക്കേഷനായി തിരഞ്ഞെടുത്തു . മുറികൾ ബുക്ക് ചെയ്തു. ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. ‘കല്ലുകൊണ്ടൊരു പെണ്ണ് ‘ എന്ന വിജയശാന്തി ചിത്രത്തിന്റെ നിർമ്മാതാവ് ശ്രീ.ജയപ്രകാശ് സാലി പൂർണ്ണ പിന്തുണ നൽകി .

ഷൂട്ട് തുടങ്ങാൻ ഒരാഴ്ച നിൽക്കെ ഒന്നാം പ്രളയം…..!

കേരളം മുഴുവൻ തകർത്തുപെയ്യുന്ന മഴയും , വെള്ളപ്പൊക്കവും ….. ഞങ്ങളുടെ സ്വപ്നങ്ങൾക്കു മുകളിലൂടെയാണ് ആ പ്രളയജലം ഒഴുകിപ്പോയത് …. പേര് പോലെ തന്നെ അതൊരു പറഞ്ഞുതീരാത്ത കഥയായി …..

വിധി ,സമയദോഷം എന്നീ വാക്കുകളിൽ ആശ്വാസം കണ്ടെത്തി . ഇപ്പോൾ മറ്റൊരു തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ട്. അനുകൂല സാഹചര്യങ്ങളൊത്തുവന്നാൽ സിനിമയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പൊൻകുന്നം ജനകീയ വായനശാലയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചത് മറ്റൊരു വഴിത്തിരിവായി . പ്രശസ്ത കവി പി .മധു സാറിൻറെ നേതൃത്വത്തിൽ എത്രയോ സഹൃദയരായ മനുഷ്യരാണ് അവിടെ ഒത്തുകൂടുന്നത്. മലയാളത്തിന്റെ എണ്ണം പറഞ്ഞ എഴുത്തുകാരെയും , ചിന്തകരെയും തിരക്കഥാകൃത്തുക്കളെയും പരിചയപ്പെടാനും വേദി പങ്കിടാനും സാധിച്ചു .

പൗലോ കൊയ്ലോയുടെ ‘ആൽക്കെമിസ്റ്റിൽ’ നിധി തേടി പോവുന്ന സാന്റിയാഗോ ഞാനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ….. ജീവിതത്തിലെ നിധികളും , സന്തോഷങ്ങളും കാണാതെപോയവൻ …. അതെ …. സന്ദേഹിയായ മനുഷ്യൻറെ ജീവിതയാത്ര തന്നെയാണിത്. എന്നെ ഒളിപ്പിച്ചു വെച്ച കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇടയ്ക്കൊക്കെ മാഞ്ഞൂരിന്റെ നാട്ടു ഗന്ധങ്ങളിലേക്ക് പോവാൻ വെമ്പൽ കൊള്ളുന്നു.

ഈ എളിയ ജീവിതത്തിന് താങ്ങും തണലുമേകിയ നിരവധി വെളിച്ച ഗോപുരങ്ങളുണ്ട് ….

വാഴ്ത്തിയവർക്കും വീഴ്ത്തിയവർക്കും നന്ദി …..

എണ്ണം തെറ്റിയ ഓർമ്മകൾക്കു മുന്നിൽ ഒരു നിമിഷം നിശബ്ദനാവുന്നു ….

” നാമൊരിയ്ക്കൽ നനഞ്ഞൊരാഷാസ്ഥവും ചൂടി
അന്നു നടന്ന വഴികളിൽ
വേനലായി മഞ്ഞു വന്നുപോയി
പിന്നെയോ
കനൽ മാത്രം കടുത്തു ”

വിജയലക്ഷ്മിയുടെ കവിത

രാധാകൃഷ്ണൻ മാഞ്ഞൂരും കുടുംബവും

രാധാകൃഷ്ണൻ മാഞ്ഞൂർ : തൊഴിലാളി, ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

1990 മുതൽ കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ കുലത്തൊഴിലായ കൊല്ലപ്പണി ചെയ്യുന്നു. സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .

1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)

പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785