കോട്ടയം: കറുകച്ചാൽ ചമ്പക്കരയിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. കൊച്ചുകണ്ടം ബംഗ്ലാകുന്ന് സ്വദേശി രാഹുലി(35)ന്റെ മരണമാണ് നാല് ദിവസത്തിന് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ രാഹുലിന്റെ സുഹൃത്തുക്കളായ സുനീഷ്, വിഷ്ണു എന്നിവരെ കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. തർക്കത്തിനൊടുവിൽ സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് തൊമ്മച്ചേരി ബാങ്ക് പടിക്ക് സമീപം സ്വന്തം കാറിനടിയിൽ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേടായ കാർ നന്നാക്കുന്നതിനിടെ അടിയിൽപ്പെട്ട് ഞെരിഞ്ഞമർന്ന് മരിച്ചെന്നായിരുന്നു ആദ്യനിഗമനം. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പോലീസിന്റെ പ്രാഥമിക പരിശോധനയിലും ഫൊറൻസിക് പരിശോധനയിലും അസ്വാഭാവികത തോന്നിയില്ല. എന്നാൽ പോസ്റ്റുമോർട്ടം നടത്തിയതോടെ തലയ്ക്കുള്ളിൽ മുറിവ് കണ്ടെത്തി. ഇതോടെ മരണത്തിൽ ദുരൂഹത ഉയർന്നു. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും പോലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം നെടുംകുന്നത്ത് വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. അന്ന് രാത്രി 9.30-ന് ഭാര്യയെ ഫോണിൽ വിളിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് രാഹുലിനെ വിളിച്ചപ്പോൾ ഫോൺ എടുത്തെങ്കിലും ആരും സംസാരിച്ചില്ലെന്നായിരുന്നു വീട്ടുകാർ പോലീസിനോട് പറഞ്ഞത്. ഈ മൊഴികൾ അന്വേഷണത്തിൽ നിർണായകമായി. തുടർന്ന് രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Leave a Reply