ബ്രിസ്റ്റോളിൽ കൗമാരക്കാരായ രണ്ടു കുട്ടികൾ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു, ശനിയാഴ്‌ച പതിനൊന്നരയോടെ ആണ് പതിനഞ്ചും പതിനാറും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികൾ ഒരു സംഘം അക്രമികളുടെ കുത്തേറ്റു ദാരുണമായി മരണമടഞ്ഞത്. ബ്രിസ്റ്റോൾ ഇൽമിൻസ്റ്റർ അവന്യുവിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. വഴിയരികിൽ നിൽക്കുകയായിരുന്ന കുട്ടികളെ കാറിലെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു ഡബിൾ ഡക്കർ ബസിലെ യാത്രക്കാരുടെ കണ്മുന്നിൽ വച്ചായിരുന്നു ആക്രമണം നടന്നത്.

കുട്ടികളെ പലപ്രാവശ്യം കുത്തിയ ശേഷം അക്രമി സംഘം കാറിൽ തന്നെ കടന്നു കളയുകയായിരുന്നു. ദൃക്‌സാക്ഷികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസും പാരാമെഡിക്കൽ ടീമും ഇരുവരെയും ഉടൻ തന്നെ ബ്രിസ്റ്റോളിലെ സൗത്ത് മേഡ് ഹോസ്പിറ്റലിലും റോയൽ ഇൻഫെർമറി ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാക്സ് ഡിക്‌സൺ (16 ) മേസൺ റിസ്റ്റ് (15) എന്നീ കുട്ടികളാണ് മരണമടഞ്ഞത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

 

കൊലപാതകത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. 44 വയസ്സുള്ള ഒരു മധ്യവയസ്കനെയും പതിനഞ്ച് വയസ്സുള്ള ഒരു കൗമാരക്കാരനെയുമാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് കത്തികുത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് വക്താവ് അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി അറിയിച്ച സോമർസെറ്റ് പോലീസ് ഇത് സംബന്ധിച്ച് ദൃക്‌സാക്ഷി മൊഴികളും കൂടുതൽ തെളിവുകളും ശേഖരിക്കുകയാണെന്ന്പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണമോ മറ്റ് വിശദാംശങ്ങളോ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല എന്നാണ് പോലീസ് നിലപാട്.