ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിൽ നായയുടെ ആക്രമണത്തിൽ 19 വയസ്സുകാരിയായ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സൗത്ത് ബ്രിസ്റ്റോളിലെ കോബോൺ ഡ്രൈവിലെ ഒരു ഫ്ലാറ്റിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നായയെ പിടികൂടിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ 20 വയസ്സുകാരായ പുരുഷനും സ്ത്രീയും ആണ് പിടിയിലായത്. അപകടകരമായ രീതിയിൽ നായയെ വളർത്തിയതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടുപേർക്കും ജാമ്യം ലഭിച്ചതായാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിരോധിത ഇനം നായയെ കൈവശം വച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട് . എന്നിരുന്നാലും നായയുടെ ഇനം ഏതാണെന്നതിനെ കുറിച്ച് കൃത്യമായി വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
മരിച്ച യുവതി ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് അപകടം നടന്ന സ്ഥലത്ത് താമസിക്കാൻ എത്തിയതെന്ന് സംഭവം നടന്നതിന്റെ അടുത്ത് താമസിക്കുന്ന ഒരാൾ വെളിപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് യുവതിയുടെ കുടുംബത്തെ വിവരം അറിയിക്കുകയും പ്രത്യേക പരിശീലനം ലഭിച്ച ഒരു ഉദ്യോഗസ്ഥൻ അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നുണ്ട് . കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും വെയിൽസിലും നായയുടെ ആക്രമണത്തിൽ ഏഴ് പേർ മരിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ (ഒഎൻഎസ്) കണക്കുകൾ വ്യക്തമാക്കുന്നു. 2023-2024 വർഷത്തെ എൻഎച്ച്എസ് കണക്കുകൾ പ്രകാരം ഏകദേശം 11,000 പേരെ ആണ് നായ കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
Leave a Reply