തൃശൂര്‍: മദ്യലഹരിയില്‍ എ.എസ്.ഐ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. കാറിലുണ്ടായിരുന്നവരെ പോലീസിനു കൈമാറി. പോലീസ് എത്തുമ്പോഴാണ് അപകടമുണ്ടാക്കിയത് എ.എസ്.ഐയാണെന്ന് വ്യക്തമായത്.

തൃശൂര്‍ കണ്ണാറയിലാണ് ഇന്നലെ രാത്രി എട്ടരയോടെ അപകടം. കണ്ണാറ സ്വദേശികളായ ലിജിത്ത് ഭാര്യ കാവ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെയും കാലുകള്‍ തകര്‍ന്നു. മുഖത്തും കഴുത്തിലും പരിക്കുണ്ട്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മലപ്പുറം പോലീസ് ക്യാംപിലെ എ.എസ്.ഐയാണ് അപകടമുണ്ടാക്കിയ പ്രശാന്ത്. തിരുവനന്തപുരം സ്വദേശിയായ പ്രശാന്ത് വടക്കേക്കാട് ക്യാംപില്‍ ഡ്യുട്ടിയില്‍ ആയിരുന്നു. ഇവിടെനിന്നും കണ്ണാറയിലെ ഒരു വീട്ടില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മദ്യപിച്ച ശേഷം കാറില്‍ തൃശൂരിലേക്ക് പോകുകയായിരുന്നു.

അമിതവേഗതയില്‍ തെറ്റായ ദിശയിലാണ് കാര്‍ വന്നിരുന്നതെന്ന് പരിക്കേറ്റ ലിജിത്തിന്റെ സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു. ലിജിത്തിനും ഭാര്യയ്ക്കും ഗുരുതരമായ പരിക്കുകളുണ്ട്. തുടയെല്ല് പൊട്ടി എല്ല് പുറത്തേക്ക് വന്ന നിലയിലാണ്. സ്‌റ്റേഷനില്‍ വിളിച്ചപ്പോള്‍ പിടിയിലായവരെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് അറിഞ്ഞതെന്നും ശ്രീജിത്ത് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദമ്പതികളെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ ഒരു കിലോമീറ്ററോളം മുന്നോട്ടുപോയി. ഇടിയുടെ ആഘാതത്തില്‍ കാറിനു കേടുപറ്റിയതിനാല്‍ പട്ടിക്കാട് എത്തിയതോടെ കാര്‍ മുന്നോട്ടുപോകാനാവാതെ നിന്നുപോയി. ഇതോടെ പിന്തുടര്‍ന്ന് എത്തിയ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസില്‍ ഏല്പിച്ചത്.

മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസെടുക്കുമെന്നാണ് സൂചന. എ.എസ്.ഐയ്‌ക്കെതിരെ വകുപ്പുതല നടപടി വന്നേക്കും. അതിനു മുന്നോടിയായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

പീച്ചി പോലീസാണ് കേസെടുത്തിരിക്കുന്നത്. എ.എസ്.ഐ പ്രശാന്ത് ഡ്രൈവറിംഗ് സീറ്റില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. വൈദ്യപരിശോധനയില്‍ ഇവര്‍ മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്.