ന്യൂസ് ഡെസ്ക്, മലയാളം യുകെ
കിഴക്കൻ സ്പെയിനിലെ കാറ്റലോണിയയിലെ സലോവിലുള്ള ലാർഗ ബീച്ചിൽ നീന്തുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരം 11 ഉം 13 ഉം വയസ്സുള്ള രണ്ട് ബ്രിട്ടീഷുകാരായ കുട്ടികൾ മുങ്ങി മരിച്ചു. സ്പാനിഷ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ പ്രൊട്ടക്ഷൻ നൽകിയ വിവരങ്ങൾ അനുസരിച്ച് ആൺകുട്ടികൾ വെള്ളത്തിൽ കുടുങ്ങി പോവുകയും തിരിച്ച് കരയിലേയ്ക്ക് കയറാൻ സാധിക്കാതെയും വരികയായിരുന്നു. കുട്ടികളോടൊപ്പം കടലിൽ ഇറങ്ങിയ അവരുടെ പിതാവിനെ രക്ഷാസംഘം രക്ഷപ്പെടുത്തുകയും ആവശ്യമായ സിപിആർ നൽകുകയും ചെയ്‌തു.
സംഭവസമയത്ത് കടൽത്തീരത്ത് ഒരു മഞ്ഞ പതാക ആയിരുന്നു ഉണ്ടായിരുന്നത്. നീന്തൽ അനുവദനീയമാണെങ്കിലും അപകടസാധ്യതകൾ ഉള്ളതിനാൽ ജാഗ്രത പാലിക്കണം എന്നാണ് മഞ്ഞ പതാകകൾ സൂചിപ്പിക്കുന്നത്. ആൺകുട്ടികൾ നീന്തിയ സ്ഥലത്ത് പാറക്കെട്ടുകൾ ഉണ്ടായിരുന്നതിനാൽ ഉയർന്ന വേലിയേറ്റത്തെ ചെറുക്കാൻ ഇവർക്ക് പാടായിരുന്നു.
ലാർഗ ബീച്ചിന് തൊട്ടുമുമ്പിലുള്ള ഒരു ഹോട്ടലിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ രാത്രി 8.47 ന് അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്ത് എത്തി. സലോ ലോക്കൽ പോലീസ്, മോസോസ് ഡി എസ്ക്വാഡ്ര (കാറ്റലോണിയയുടെ റീജിയണൽ പോലീസ്), ജനറലിറ്റാറ്റ് ഫയർ ഡിപ്പാർട്ട്‌മെന്റ് എന്നിവയിലെ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. പെട്ടെന്ന് രക്ഷാ സേനകൾ സംഭവ സ്ഥലത്ത് എത്തിയെങ്കിലും ആൺകുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഈ വേനൽക്കാലത്ത് കാറ്റലോണിയയിൽ കടൽത്തീരത്ത് ഉണ്ടായിരിക്കുന്ന മരണങ്ങളുടെ എണ്ണം മരണങ്ങളുടെ എണ്ണം 16 ആയി ഉയർന്നിരിക്കുകയാണ്.
Leave a Reply