അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മദേഴ്സ് ഡേയിൽ നേരിട്ടുള്ള ആശംസകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തിരുന്നു. അതിനോടനുബന്ധിച്ചുള്ള ഒരു ചിത്രമാണ് യുകെയിൽ തരംഗമായിരിയ്ക്കുന്നത് . തങ്ങളുടെ 68 വയസ്സുള്ള മുത്തശ്ശി സ്യുവിന് ചില്ലു ജാലകത്തിന്റെ അപ്പുറം നിന്ന് ആശംസകൾ അറിയിക്കുന്ന പേരക്കുട്ടികളായ ഐസക്കിന്റെയും ബെന്നിന്റെയും ചിത്രം. ഐസക്കിന് ആറ് വയസ്സും ബെന്നിന് എട്ട് വയസ്സുമാണ്. ഇവർ രണ്ടുപേരും പൂക്കളും, പ്രിയപ്പെട്ട മുത്തശ്ശിക്ക് ആശംസകൾ എന്ന് എഴുതിയ കാർഡും സമർപ്പിച്ചു സന്തോഷം പങ്കിട്ടു. ചില്ലു ജനാലയുടെ അപ്പുറം നിന്നാണെന്ന് മാത്രം.
തന്റെ മുത്തശ്ശിയെ കണ്ടതിന്റെ സന്തോഷം അവർക്കുണ്ട് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ പറ്റാത്ത വിഷമം ഉണ്ടെങ്കിലും കൊറോണ വൈറസ് കാരണം സാമൂഹിക അകലം പാലിക്കുന്നതാണ് ഇപ്പോൾ ഏറ്റവും അഭികാമ്യമെന്ന് ബെൻ പറഞ്ഞു. തങ്ങളെ കാണാൻ കഴിഞ്ഞത് മുത്തശ്ശിക്ക് വളരെയധികം സന്തോഷം ഉണ്ടാക്കി. എന്നാൽ വീടിനുള്ളിൽ ചെല്ലാൻ പറ്റാത്തതും പതിവുപോലെ മുത്തശ്ശിയെ കെട്ടിപ്പിടിക്കാൻ സാധിക്കാത്തതിന്റെയും സങ്കടം ആറുവയസ്സുകാരനായ ഐസക് പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബ്രിട്ടനിലെങ്ങും അനേകരാണ് തങ്ങളുടെ അമ്മമാർക്കും മുത്തശ്ശിമാർക്കും നേരിട്ട് ആശംസകൾ നേരാതെ വീഡിയോ കോളിലൂടെയും ഫോണിലൂടെയും ആശംസ സന്ദേശങ്ങൾ കൈമാറിയത്.
Leave a Reply