ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വാക്‌സിനേഷൻ സൈറ്റുകളിൽ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഒഴിഞ്ഞ കോവിഡ് വാക്‌സിൻ കുപ്പികൾ മോഷ്ടിച്ച് വിറ്റു. സ്റ്റീവൻ ഫ്ലിന്റ്(34) എന്നയാളാണ് മൂന്ന് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ബോട്ടിലുകൾ മോഷ്ടിച്ച് ഓൺലൈനിൽ വിറ്റത്. കഴിഞ്ഞ വർഷം കോവിഡ് കേസുകൾ ഉയർന്ന സമയത്താണ് ഇയാൾ ഇവിടെ ജോലിക്ക് കയറിയതെന്ന് അധികൃതർ പറയുന്നു. സംഭവത്തെ തുടർന്ന് സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് വിശദാംശങ്ങളും അധികൃതർ കണ്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

തുടർന്ന് സറേയിലെ ടാഡ്‌വർത്തിലുള്ള വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും മോഷണം നടത്തിയതിന്റെ തെളിവുകൾ കണ്ടെടുക്കുകയും ചെയ്തു. ശൂന്യമായ വാക്സിൻ കുപ്പികളും ഫ്ലിന്റിന്റെ ഇ-ബേ വാങ്ങുന്നവർക്ക് പോസ്റ്റ് ചെയ്ത പാക്കേജുകളുടെ ഒന്നിലധികം രസീതുകളും ഉദ്യോഗസ്ഥർ കണ്ടെത്തി. തന്നെ പിന്തുടരാതിരിക്കാൻ ഒരു പുതിയ ഇ-ബേ അക്കൗണ്ട് തുടങ്ങാൻ സുഹൃത്തിന്റെ സഹായം തേടിയതായും അന്വേഷണ സം​ഘം കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച സ്റ്റെയിൻസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ഒരു വർഷത്തെ തടവിന് ശിക്ഷിക്കുകയും 18 മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യുകയും 150 മണിക്കൂർ ശമ്പളമില്ലാത്ത ജോലി ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.

” വാക്സിൻ കുപ്പികൾ എൻഎച്ച്എസിന്റെ സ്വത്താണ്. കുപ്പികൾ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും ഈ ഉടമസ്ഥാവകാശം നിലനിൽക്കുന്നു. ഇതെടുക്കുന്നത് മോഷണം മാത്രമായിരിക്കും. വളരെ വിജയകരമായ ദേശീയ വാക്‌സിൻ പ്രോഗ്രാമിന്റെ ആരംഭത്തിലാണ് ഫ്ലിന്റിന്റെ കുറ്റകൃത്യങ്ങൾ നടക്കുന്നത്. വാക്‌സിൻ റോളൗട്ടിൽ പൊതുജനങ്ങളുടെ വിശ്വാസത്തെ അപകടപ്പെടുത്തുന്ന ഏതൊരു പ്രവർത്തനവും അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്തത്”- സറേ പോലീസിന്റെ അന്വേഷണ സംഘത്തിലുള്ള ഇൻസ്പെക്ടർ പോൾ ഗോർഡൻ പറഞ്ഞു.