ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
സ്കോട്ട് ലാൻഡ് : സ്കോട്ലൻഡിലെ ലോത്തിയൻ പ്രദേശത്ത് മാരകമായ ഡിഫ്തീരിയ രോഗം ബാധിച്ച് രണ്ടു പേർ ചികിത്സയിൽ. രണ്ട് കേസുകളും ബന്ധപ്പെട്ടതാണെന്നും രണ്ട് രോഗികളും എഡിൻബർഗിലെ ആശുപത്രിയിലാണെന്നും എൻഎച്ച്എസ് ലോത്തിയൻ സ്ഥിരീകരിച്ചു. ഡിഫ്തീരിയക്കെതിരെ കുട്ടികാലത്ത് നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കാരണം യുകെയിലെ ആളുകൾക്ക് പൊതുവെ ഈ രോഗം കുറവാണ്. അതുകൊണ്ട് തന്നെ കൂടുതൽ കേസുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊതുജനാരോഗ്യ വിദഗ്ധർ പറഞ്ഞു.
ലോത്തിയനിൽ, 98% കുട്ടികൾക്ക് 24 മാസം പ്രായമാകുമ്പോൾ തന്നെ ഡിഫ്തീരിയക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകുന്നു. യുകെയിൽ ഈ രോഗം വളരെ അപൂർവമാണ്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ യാത്ര ചെയ്യുമ്പോൾ, ഈ രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
ഡിഫ്തീരിയ എന്ത്, എങ്ങനെ?
∙ രോഗമുണ്ടാക്കുന്നതു കോറിനേബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയയാണ്.
∙ രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച കപ്പ്, ടവൽ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ മറ്റൊരാളിലേക്ക് രോഗം പകരാം.
∙ തൊണ്ടവേദനയാണു തുടക്കം. വെള്ളമിറക്കാനോ ആഹാരം കഴിക്കാനോ പറ്റാത്ത വിധത്തിൽ വേദനയുണ്ടാകും.
∙ തൊണ്ടയിൽ പാടയുണ്ടായി ശ്വസനം തടസ്സപ്പെടും.
∙ ബാക്ടീരിയ ഉണ്ടാക്കുന്ന വിഷം ഹൃദയത്തെ ബാധിക്കും.
∙ ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിക്കാം.
ചെറുപ്പത്തിലേ പ്രതിരോധ കുത്തിവയ്പ് എടുത്താൽ ഈ രോഗം ഉണ്ടാകില്ല. അല്ലെങ്കിൽ രോഗങ്ങൾ നമ്മുടെ വീട്ടിലും എത്തുന്നതിനു കാത്തുനിൽക്കാതെ പ്രതിരോധ കുത്തിവയ്‌പ് എടുക്കാൻ ഓരോ വ്യക്‌തിയും മനസ്സുവയ്‌ക്കണം.
Leave a Reply