ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ കെന്റ് സർവകലാശാലയുടെ ക്യാമ്പസിൽ മെനിംജൈറ്റിസ് പടർന്ന് പിടിച്ചതിനെ തുടർന്ന് രണ്ടുപേർ മരിച്ചു. മരിച്ചവരിൽ ഒരാൾ സർവകലാശാലയിലെ വിദ്യാർത്ഥിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇരുവരും 18 മുതൽ 21 വയസ്സ് വരെയുള്ള യുവാക്കളാണെന്നാണ് റിപ്പോർട്ട്. കാന്റർബറി പ്രദേശത്തെ നിരവധി വിദ്യാർത്ഥികൾക്ക് അസുഖലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 11 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട് . സർവകലാശാലയും ആരോഗ്യവകുപ്പും സംഭവത്തെ ഗൗരവമായി കാണുകയും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രത്യേക നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

മെനിംജൈറ്റിസ് തലച്ചോറിനെയും നാഡികളെയും ബാധിക്കുന്ന ഗുരുതര അണുബാധയാണ്. രോഗം പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ ആരോഗ്യവിദഗ്ധർ അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സർവകലാശാലയിലെ 30,000-ത്തിലധികം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്യാമ്പസിലെ ചില ഹോസ്റ്റൽ ബ്ലോക്കുകളിൽ താമസിക്കുന്നവർക്കും രോഗബാധിതരുമായി അടുത്ത ബന്ധം പുലർത്തിയവർക്കും മുൻകരുതലായി ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്ന നടപടികളും ആരംഭിച്ചു.

കാന്റർബറിയിൽ നടന്ന ഒരു സാമൂഹിക പരിപാടിയിൽ പങ്കെടുത്തവരുമായി ഈ രോഗവ്യാപനം ബന്ധപ്പെട്ടിരിക്കാമെന്ന സംശയത്തിലാണ് ആരോഗ്യവിദഗ്ധർ അന്വേഷണം നടത്തുന്നത്. രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്താനും നിരീക്ഷിക്കാനും ആരോഗ്യവകുപ്പ് ശ്രമം തുടരുകയാണ് . ഉയർന്ന പനി, ഛർദ്ദി, കടുത്ത തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ രോഗലക്ഷണങ്ങൾ സാധാരണ പനി പോലെയുള്ള അവസ്ഥകളുമായി തെറ്റായി കരുതാൻ സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.











Leave a Reply