ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് രണ്ട് വീടുകൾ കത്തി നശിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച രാവിലെ 10.30 ന് വെസ്റ്റ് ഹാംപ്സ്റ്റെഡിലെ ഒരു വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇ-സ്കൂട്ടർ പൊട്ടിത്തെറിച്ചു. പെട്ടെന്ന് ആളിപ്പടർന്ന തീ 60 അഗ്നിശമന സേനാംഗങ്ങൾ പണിപ്പെട്ടാണ് അണയ്ക്കാൻ സാധിച്ചത്. സംഭവത്തിൽ ആർക്കും ആളപായമില്ല. എന്നാൽ ഒരു നായ വീടിന് തീപിടിച്ച അവസരത്തിൽ കൊല്ലപ്പെട്ടതായി ലണ്ടൻ ഫയർ ബ്രിഗേഡ് പറഞ്ഞു.
സമാനമായ ഒരു സംഭവം ഫെൽത്താമിലും സംഭവിച്ചു. ഇവിടെ ഒരു വീടിനുള്ളിൽ ഇ – ബൈക്കിന്റെ ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് അപകടം സംഭവിച്ചു. പരിവർത്തനം ചെയ്ത ഇ – ബൈക്കിനാണ് തീ പിടിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വീട്ടിൽ ഉണ്ടായിരുന്ന നാല് പേരിൽ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെയും ഒരു നായ അപകടത്തിൽ കൊല്ലപ്പെട്ടു.
2023 മുതൽ ഇതുവരെ ഇ – ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ബാറ്ററിക്ക് തീ പിടിച്ച് ലണ്ടനിൽ മാത്രം മൂന്ന് പേർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം തീപിടുത്തത്തിൻ്റെ പ്രധാന കാരണം പരിവർത്തനം ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓരോ തീപിടുത്തവും ഉണ്ടാക്കുന്ന നാശത്തിന്റെ തോത് കുറച്ച് കാണിക്കാൻ സാധിക്കില്ലെന്ന് ലണ്ടൻ ഫയർ ബ്രിഗേഡിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ റിച്ചാർഡ് ഫീൽഡ് പറഞ്ഞു.
Leave a Reply