ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നും അറസ്റ്റിലായ മൂന്നു മലയാളി വിദ്യാര്‍ത്ഥികളില്‍ രണ്ടു പേരെ നാട് കടത്താന്‍ തീരുമാനം. ആഴ്ചകള്‍ക്ക് മുന്‍പാണ് മൂവരെയും പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടന്ന കേസ് വാദത്തിൽ ആണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. ഇവർക്ക് യുകെയിൽ തുടരാൻ കഴിയില്ലെന്നും ഹോം ഓഫീസ് വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റിയില്‍ ക്ളാസ് നടക്കുന്ന സമയത്ത് വിദ്യാര്‍ത്ഥിനി 13 മണിക്കൂര്‍ അധികമായി ജോലി ചെയ്തു എന്നാണ് ഹോം ഓഫിസ് കണ്ടെത്തൽ. ഇതിനെ തുടർന്നാണ് നിയമനടപടികൾ നേരിട്ടത്.
നിലവിൽ, വിദ്യാര്‍ത്ഥിനിയുടെ ആശ്രിത വിസയില്‍ എത്തിയ ഭര്‍ത്താവിനും ഇതോടെ യുകെയില്‍ തുടരാനാകാത്ത സാഹചര്യമാണ്. ഇവരെ രണ്ടുപേരെയുമാണ് നാടുകടത്താൻ തീരുമാനമായത്. അതേസമയം, ഇവർക്കൊപ്പം അറസ്റ്റിൽ ആയ യുവാവിനെ താത്കാലികമായി യുകെയിൽ തുടരാൻ അനുവദിച്ചിട്ടുമുണ്ട്. മൂന്നു പേരുടെയും കേസ് മലയാളിയും ലോക കേരള സഭ അംഗവുമായ അഭിഭാഷകന്‍ ദിലീപ് കുമാറാണ് വാദിച്ചത്. കയ്യില്‍ എത്തിയ പണത്തിന്റെ കണക്ക് നോക്കാതെ നിയമ ലംഘനം നടത്തി എന്നതാണ് ഹോം ഓഫിസ് അധികൃതര്‍ ഇവർക്കെതിരെ ചുമത്തിയ കുറ്റം.
അറസ്റ്റിൽ ആയ മൂന്നാമത്തെ ആൾ താന്‍ യൂണിവേഴ്സിറ്റിയില്‍ ക്ളാസ് ഇല്ലാതിരുന്ന സമയത്താണ് അധിക ജോലി ചെയ്തതെന്ന് ഹോം ഓഫീസിനെ ധരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് യുകെയിൽ തുടരാൻ അനുവദിച്ചത്. മാത്രമല്ല ഇയാള്‍ വെറും രണ്ടു മണിക്കൂര്‍ ആണ് അധികമായി ജോലി ചെയ്തത്. ഇതോടെ ഈ കേസില്‍ ജാമ്യം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എങ്കിലും അവസാന തീരുമാനം യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട ശേഷമേ ഉണ്ടാകൂ എന്നാണ് പുറത്തുവരുന്ന വിവരം.