ന്യൂസ് ഡെസ്ക്. മലയാളം യുകെ

ഭാര്യയും ഭർത്താവും ജോലിക്ക് പോകുമ്പോൾ കൈക്കുഞ്ഞിനെ എന്ത് ചെയ്യും. ഒട്ടുമിക്ക യുകെ മലയാളികളെയും അലട്ടിയ പ്രശ്നമായിരുന്നു ഇത്. നാട്ടിലാണെങ്കിൽ മാതാപിതാക്കളുടെയോ ജോലിക്കാരുടെയോ സഹായം ലഭിക്കും. പലരും തങ്ങളുടെ മാതാപിതാക്കളെ കേരളത്തിൽനിന്ന് യുകെയിലെത്തിച്ചാണ് ഈ പ്രശ്നത്തിന് താൽക്കാലികമായെങ്കിലും പരിഹാരം കണ്ടിരുന്നത്. അതുമല്ലെങ്കിൽ ഭാര്യയും ഭർത്താവും തങ്ങളുടെ ജോലിയുടെ ഷിഫ്റ്റ് അഡ്ജസ്റ്റ് ചെയ്തും ലീവ് എടുത്തുകൊണ്ടുമാണ് പ്രശ്നം പരിഹരിച്ചിരുന്നത്.


ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണുന്ന നിർദ്ദേശം ബ്രിട്ടീഷ് ചാൻസിലർ ജെറമി ഹണ്ട് ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റിൽ ഉള്ളത് യുകെ മലയാളികൾക്ക് ആശ്വാസമായി . 9 മാസം മുതൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി ചൈൽഡ് കെയർ സംവിധാനങ്ങൾ ഗവൺമെൻറ് ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിന് യുകെ മലയാളികൾ ഉൾപ്പെടെയുള്ളവരിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. 2024 ഏപ്രിൽ മാസം മുതൽ രണ്ടു വയസ്സ് പ്രായമായ കുട്ടികൾക്ക് 15 മണിക്കൂർ ഫ്രീ കെയർ നൽകി തുടങ്ങും. തുടർന്ന് 2024 സെപ്റ്റംബർ മാസം മുതൽ 9 മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും. അതിന് ശേഷം 2025 സെപ്റ്റംബർ മുതൽ 9 മാസത്തിനും 5 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ 30 മണിക്കൂർ സൗജന്യമായുള്ള സംരക്ഷണം ലഭ്യമാകും. ആഴ്ചയിൽ 16 മണിക്കൂർ എങ്കിലും ജോലി ചെയ്യുന്ന മാതാപിതാക്കൾക്കാണ് ചൈൽഡ് കെയർ സൗകര്യം ലഭിക്കുന്നത്.

ഫ്രീ ചൈൽഡ് കെയർ സംവിധാനം നടപ്പിലാക്കുന്നതോടെ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്കൂളുകളോട് അനുബന്ധിച്ച് രാവിലെ 8 മണി മുതൽ സ്കൂൾ തുറക്കുന്നത് വരെയും വൈകിട്ട് 6 മണി വരെയും ചൈൽഡ് കെയർ സംവിധാനങ്ങൾ എല്ലാ സ്കൂളുകളിലും ഭാവിയിൽ നടപ്പിലാക്കാനുള്ള നിർദ്ദേശവും ബഡ്ജറ്റിൽ ഉണ്ട്