ന്യൂസ് ഡെസ്ക്, മലയാളം യുകെ

പോലീസിനെ കണ്ട് നിർത്താതെ പാഞ്ഞ വാഹനം ഇടിച്ച് സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. വടക്ക്-പടിഞ്ഞാറൻ ലണ്ടനിലെ എഡ്‌വെയറിൽ ആണ് ഞെട്ടിച്ച സംഭവം നടന്നത്. അപകടത്തെ തുടർന്ന് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10 ഓടെ വാഹനം കാൽനടയാത്രക്കാരിയെ ഇടിക്കുകയായിരുന്നുവെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


അപകടത്തിന് മുൻപ് പോലീസ് നിർത്താനാവശ്യപ്പെട്ട വാഹനം വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു എന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അപകടം ഉണ്ടായ ഉടനെ അടിയന്തിര സർവീസുകൾ രംഗത്ത് എത്തിയെങ്കിലും 60 വയസ്സുള്ള സ്ത്രീയുടെ ജീവൻ രക്ഷിക്കാനായില്ല. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ അവരുടെ കുടുംബത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വാഹനം പിന്നീട് സമീപത്ത് ഉപേക്ഷിച്ചതായി കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന 18 ഉം 19 ഉം വയസ്സുള്ള രണ്ട് പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവർ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.


യുകെയിൽ പുതിയതായി ലൈസൻസ് എടുത്ത ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങൾ കൂടി വരികയാണെന്ന വാർത്ത മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. യുവ ഡ്രൈവർമാരുടെ പരിചയ കുറവും അമിത വേഗവും കാരണം അവർക്ക് മാത്രമല്ല മറ്റുള്ള വാഹനങ്ങളിലെ യാത്രക്കാരും കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങൾ കൂടി കൊണ്ടിരിക്കുകയാണെന്ന് റോഡ് സുരക്ഷാ ചാരിറ്റി പറഞ്ഞു. ആഗോളതലത്തിൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ മരണമടയുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ ജീവൻ അകാലത്തിൽ പൊലിയുന്നതിനുള്ള പ്രധാന കാരണം കാർ അപകടമാണെന്ന് കണക്കുകൾ ചൂണ്ടി കാട്ടി ചാരിറ്റി പറഞ്ഞു. 2023 -ലെ കണക്കുകൾ അനുസരിച്ച് യുകെയിലെ റോഡുകളിൽ സംഭവിച്ച അപകടങ്ങളിൽ അഞ്ചിലൊന്നിലും യുവ ഡ്രൈവർമാർ ഉൾപ്പെട്ടിട്ടുണ്ട്. 2019-നും 2023-നും ഇടയിൽ യുവ ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങളിൽ കൊല്ലപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയ 65 ശതമാനം പേരും പുരുഷന്മാരാണ്. പരുധിയിൽ കൂടിയ വേഗത്തിൽ വാഹനം ഓടിക്കുന്നവരാണ് പല യുവ ഡ്രൈവർമാരും. തത്ഫലമായി പലർക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടത്തിന് കാരണമാകുന്നതെന്ന് ട്രാൻസ്പോർട്ട് മേധാവികൾ പറഞ്ഞു.