ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുടിയേറ്റ വിരുദ്ധ സമരം യുകെയിൽ ശക്തമായി കൊണ്ടിരിക്കെ തന്നെ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്താൻ ശ്രമിച്ച ബോട്ട് അപകടത്തിൽ പെട്ടതായുള്ള വാർത്ത പുറത്തുവന്നു. ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച രണ്ട് കുടിയേറ്റക്കാരാണ് ദാരുണമായി മരിച്ചത് . ഞായറാഴ്ച രാവിലെ ഫ്രാൻസിലെ കലൈസിനും ഡൺകിർക്കിനും ഇടയിലാണ് സംഭവം നടന്നതെന്ന് ഒരു ഫ്രഞ്ച് മാരിടൈം ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടത്തിൽ പെട്ട 53 കൂടിയേറ്റക്കാരെ രക്ഷപ്പെടുത്തി.

അനധികൃത കുടിയേറ്റക്കാരുമായി വന്ന മറ്റൊരു ബോട്ടിൽ തീപിടുത്തമുണ്ടായി നിരവധി പേർക്ക് പരുക്കു പറ്റിയതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. രണ്ടാമത്തെ ബോട്ടിൽ നിന്ന് 50 പേരെയാണ് രക്ഷപ്പെടുത്തിയത്. ഈ വർഷം മാത്രം അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 25 പേർ മരിച്ചതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു. അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ഫ്രഞ്ച് കോസ്റ്റ് ഗാർഡിനെ സഹായിക്കാൻ യുകെ ബോർഡ് ഫോഴ്സ് കപ്പലിനെ അയച്ചതായി ബ്രിട്ടീഷ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിരുന്നു.


വടക്കൻ ഫ്രാൻസിൻ്റെ കടൽതീരത്ത് നിന്ന് കുടിയേറ്റക്കാരുമായി നിരവധി ബോട്ടുകൾ ഞായറാഴ്ച പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥ അനുകൂലമായതാണ് യാത്ര പുറപ്പെടാൻ പല സംഘങ്ങളെയും പ്രേരിപ്പിച്ചത്. ഇങ്ങനെ യാത്ര തിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽ പെട്ടത്. 55 കുടിയേറ്റക്കാരാണ് ഒരു ബോട്ടിൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് , ഫ്രഞ്ച് കോസ്റ്റ് ഗാർഡ് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ രണ്ടുപേർ അബോധാവസ്ഥയിലായിരുന്നു. അവരാണ് പിന്നീട് മരിച്ചത്. 53 പേരെ സുരക്ഷിതമായി തുറമുഖത്തെ എത്തിച്ചെന്ന് ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥർ പറഞ്ഞു.