ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കെന്റ് : ഹാംപ്ഷയറിനും ഐല്‍ ഓഫ് റൈറ്റിനും പിന്നാലെ, കെന്റിലും സസെക്സിലും ഹോസ്‌പൈപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തുന്നു. ഓഗസ്റ്റ് 12 മുതലാണ് നിരോധനം. 22 ലക്ഷം ആളുകൾക്ക് ഇത് ബാധകമായിരിക്കും. ഇതൊരു തത്കാലിക നിരോധനം ആയിരിക്കുമെന്ന് സൗത്ത് ഈസ്റ്റ് വാട്ടർ പറഞ്ഞു. ലീക്കായ പൈപ്പുകളിൽ നിന്ന് കഴിഞ്ഞ വർഷം 88.7 മില്യൺ ലിറ്റർ വെള്ളം നഷ്ടമായെന്നാണ് കണക്കുകൾ. ഇത്തവണ ഹോസ് പൈപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന രണ്ടാമത്തെ കമ്പനിയാണ് സൗത്ത് ഈസ്റ്റ് വാട്ടർ. സതേണ്‍ വാട്ടര്‍ ആണ് കഴിഞ്ഞ ദിവസം നിരോധനം പ്രഖ്യാപിച്ചത്.
ഇനി പൂന്തോട്ടം നനയ്ക്കുവാനും കാര്‍ കഴുകുവാനും ഹോസ്‌പൈപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. അതുപോലെ അലങ്കാര കുളങ്ങളിലും സ്വിമ്മിംഗ് പൂളുകളിലും വെള്ളം നിറക്കാനും അനുവാദമില്ല. നിരോധനം ലംഘിച്ചാൽ ആയിരം പൗണ്ട് വരെ പിഴയടയ്‌ക്കേണ്ടി വരും. കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ ജലക്ഷാമം ഉണ്ടാകുന്നതിന്റെ സൂചനയാണ് ഈ നിരോധനം.
അതുപോലെ തന്നെ വീടുകളുടെ ചുമരുകള്‍, ജനലുകള്‍, മറ്റു പുറംവാതില്‍ സാധനങ്ങള്‍ എന്നിവയും ഹോസ്‌പൈപ്പ് ഉപയോഗിച്ച് കഴുകുന്നതിന് നിരോധനമുണ്ട്. വരണ്ട കാലാവസ്ഥ തുടരുകയാണെങ്കില്‍ കടുത്ത വരൾച്ച ഇംഗ്ലണ്ടിൽ ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു.
Leave a Reply