മക്ക: വിശുദ്ധ ഹജ്ജ് കർമത്തിലെ സുപ്രധാനമായ അറഫ സംഗമം ഇന്ന്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 ലക്ഷത്തിലധികം തീർഥാടകർ അറഫ മഹാസംഗമത്തിൽ പെങ്കടുക്കും. വെള്ളിയാഴ്ച മിനായിൽ താമസിച്ച ഹാജിമാർ അർധരാത്രിയോടെ ലബ്ബൈക്ക മന്ത്രമുരുവിട്ട് അറഫയിലേക്ക് നീങ്ങി. ബസ്, ട്രെയിൻ മാർഗമാണ് യാത്ര. 25,000 മലയാളികളിൽ 70 ശതമാനം പേരും മെട്രോ ട്രെയിനിലാണ് സഞ്ചരിക്കുന്നത്.
മലയാളികൾ ഉൾപ്പെടെ ഹാജിമാർ പ്രളയദുരന്തത്തിൽനിന്ന് നാടിനെയും വീടിനെയും രക്ഷിക്കാനുള്ള പ്രാർഥനയിലാണ്. ബന്ധുക്കൾ ദുരന്തത്തിൽ മരിച്ചവരും വീടുതകർന്നവരുമുണ്ട് ഹാജിമാരുടെ കൂട്ടത്തിൽ. വിതുമ്പിക്കരഞ്ഞാണ് അവർ വെള്ളിയാഴ്ച മിനായിൽ കഴിച്ചുകൂട്ടിയത്. കടുത്ത ചൂടാണ് മിനായിൽ. അറഫയിലും കൊടുംചൂട് പ്രതീക്ഷിക്കുന്നുണ്ട്.
ശനിയാഴ്ച ഉച്ചക്ക് നമിറ പള്ളിയിൽ അറഫ പ്രഭാഷണം സൗദി ഉന്നത പണ്ഡിതസഭാംഗം ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖ് നിർവഹിക്കും. ഹാജിമാർ ളുഹർ, അസർ നമസ്കാരങ്ങൾ ഒരുമിച്ച് നിർവഹിക്കും. മനമുരുകി പ്രാർഥനയുടേതാണ് ഇൗ ദിനം. സൂര്യാസ്തമയം കഴിഞ്ഞയുടൻ മുസ്ദലിഫയിലേക്കു പോകും. അവിടെ ആകാശച്ചോട്ടിൽ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിയുന്ന കർമത്തിന് പോകും. ശേഷം മിനായിലെ കൂടാരത്തിൽ വിശ്രമിച്ചാണ് മറ്റു കർമങ്ങൾക്ക് പോവുക.
ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷം ഹാജിമാരുണ്ട് ഇത്തവണ. അറഫയിലും മിനായിലും ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.
Leave a Reply