ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഊർജ്ജ വില വൻതോതിൽ വർധിച്ചതിനെ തുടർന്ന് രണ്ടു യു കെ ഊർജ്ജ വിതരണ കമ്പനിക്കാർ കൂടി വിതരണത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുകയാണ്. പ്യുവർ പ്ലാനറ്റ്, കൊളറാഡോ എനർജി എന്നീ കമ്പനികളാണ് വിതരണം അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഊർജ്ജ വിലയിലുള്ള വൻതോതിലുള്ള വർധനവും, കസ്റ്റമേഴ്സിനു മേൽ കൂടുതൽ തുക ചുമത്തുന്നതിലുള്ള നിയന്ത്രണങ്ങളുമാണ് കമ്പനികളെ ഈ സംരംഭത്തിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നത്. രണ്ടു കമ്പനികളുടെയും ഉപഭോക്താക്കൾക്ക് പുതിയ സപ്ലൈയേഴ്സിനെ ലഭിക്കും. ഏകദേശം 2,35000 ത്തോളം ഉപഭോക്താക്കൾക്കാണ് പ്യുവർ പ്ലാനറ്റ് ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവ വിതരണം ചെയ്യുന്നത്. കോളറാഡോ വിതരണക്കാർ ഏകദേശം 15, 000 ത്തോളം ഉപഭോക്താക്കൾക്കും നൽകിവരുന്നുണ്ട്. അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് പുതിയ ഡീലർമാരെ ലഭിക്കുമെന്ന ഉറപ്പ് എനർജി റെഗുലേറ്റർ ആയിരിക്കുന്ന ഓഫ്ജെം അറിയിച്ചിട്ടുണ്ട്.
ഇതോടെ ഊർജ്ജ വിലവർദ്ധനവ് മൂലം പ്രതിസന്ധിയിലായിരിക്കുന്നത് ഏകദേശം രണ്ടു മില്യനോളം ആയിരിക്കുകയാണ്. ഊർജ്ജ വിലവർദ്ധനവ് വിതരണക്കാർക്ക് മേൽ വൻ സമ്മർദ്ദം ഏൽപ്പിക്കുന്നതായി കഴിഞ്ഞ ദിവസം ഓഫ്ജെം വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ സംരക്ഷണമാണ് തങ്ങൾക്ക് മുഖ്യമെന്ന് ഓഫ്ജെം ഡയറക്ടർ നീൽ ലോറൻസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഒരുതരത്തിലുള്ള ധനനഷ്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. തങ്ങൾ ഊർജ്ജം വാങ്ങുന്നതിനേക്കാൾ കുറച്ചു വിലയ്ക്ക് ഉപഭോക്താക്കളിൽ എത്തിക്കണമെന്നാണ് ഗവണ്മെന്റും ഓഫ്ജെമും ആവശ്യപ്പെടുന്നതെന്ന് പ്യുവർ പ്ലാനറ്റ് അധികൃതർ പറഞ്ഞു. എന്നാലിത് തങ്ങളാൽ അസാധ്യമാണെന്നും, അതിനാലാണ് പിൻമാറുന്നതെന്നും കമ്പനി വ്യക്തമാക്കി.
Leave a Reply