സ്‌ട്രോക്ക് യൂണിറ്റിലെ രോഗികള്‍ക്ക് വിഷം നല്‍കിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നഴ്‌സുമാരായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. ലങ്കാഷയറിലെ ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ സ്‌ട്രോക്ക് യൂണിറ്റിലെ രോഗികള്‍ക്ക് മനഃപൂര്‍വം ജീവഹാനിക്ക് കാരണമാകുന്ന വസ്തുക്കള്‍ നല്‍കിയെന്നതാണ് കേസ്. ഇരുവരെയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ ഒരു നഴ്‌സ് നവംബറില്‍ അറസ്റ്റിലായിരുന്നു. ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ സംശയമുന്നയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പിടിയിലായ മൂന്നു പേരെയും സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രിയധികൃതര്‍ വ്യക്തമാക്കി.

ആദ്യം അറസ്റ്റ് ചെയ്ത നഴ്‌സിനെ ഫെബ്രുവരി 10 വരെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. ഈയാഴ്ച പിടിയിലായ രണ്ടു പേര്‍ക്കും ജനുവരി 8 വരെ ജാമ്യം നല്‍കി. കേസിനോടനുബന്ധിച്ച് നിരവധി പേരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ നടത്തി. എന്നാല്‍ സംസ്‌കരിച്ച മൃതദേഹങ്ങളൊന്നും പുറത്തെടുത്ത് പരിശോധന നടത്തിയിട്ടില്ല. അന്വേഷണം അല്‍പം സങ്കീര്‍ണ്ണത നിറഞ്ഞതാണെന്ന് ഡിസിഐ ജില്‍ ജോണ്‍സ്റ്റണ്‍ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക ഡിറ്റ്ക്ടീവ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. ഇരകളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കേസ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുമെന്നും അവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

രോഗികള്‍ക്ക് സുരക്ഷ നല്‍കുക എന്നതിനാണ് പ്രാഥമിക പരിഗണന നല്‍കുന്നത്. ആശുപത്രിയും ബ്ലാക്ക്പൂള്‍ കൊറോണര്‍ അലന്‍ വില്‍സനുമായി പോലീസ് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമായി അന്വേഷിക്കണമെന്നും അത് സുതാര്യമായും വളരെ വേഗത്തിലും നടത്തണമെന്നും ബ്ലാക്ക്പൂള്‍ സൗത്ത് എംപി ഗോര്‍ഡന്‍ മാന്‍സ്‌ഡെന്‍ ആവശ്യപ്പെട്ടു. ാ