ജനറല്‍ ആശുപത്രിയിലെ രണ്ട് ഓപ്പറേഷന്‍ തിയറ്ററുകളും അടച്ചിട്ടിട്ട് ഒരാഴ്ച. ശുചിമുറിയിൽ നിന്നുള്ള മലിന ജലം ചോർന്നിറങ്ങിയുണ്ടായ അണുബാധയെ തുടർന്നാണ് തിയറ്ററുകളും അടച്ചിട്ടത്. പ്രസവ ശസ്ത്രക്രിയ അടക്കമുള്ള അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമുള്ള രോഗികളെ മെഡിക്കൽ കോളജിലേക്കു മാറ്റി.

മെ‍ഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് തിയറ്ററുകള്‍ അടച്ചിട്ടത്. ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അണുബാധ ഭീഷണിയെത്തുടർന്നു ജനറൽ ആശുപത്രിയിലെ തിയറ്റർ അടച്ചിടുന്നത്. മേജർ ഓപ്പറേഷൻ തിയറ്ററിനു പുറമേ കുടുംബാസൂത്രണ വിഭാഗത്തോട് അനുബന്ധിച്ചുള്ള തിയറ്ററുമാണ് ജനറൽ ആശുപത്രിയി‍ലുള്ളത്. ഇരു തിയറ്ററുകളിലും ഈർപ്പവും അണുബാധയും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ 30 മുതലാണ് തിയറ്ററുകൾ അടച്ചത്. തിയറ്ററിനുള്ളിലെ ശീതീകരണ സംവിധാനവും പ്രവർത്തനം നിലച്ചിരിക്കയാണ്. ദിവസവും സിസേറിയനുൾപ്പടെ നിരവധി ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയിരുന്നത്. പ്രധാന തിയേറ്ററിനു സമീപമുള്ള രണ്ടാം വാർഡ് നവീകരിച്ചെങ്കിലും ഉദ്ഘാടനം കഴിയാത്തതിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ആകെ ആറ് പേ വാർഡുള്ളതിൽ നല്ലൊരു ശതമാനവും ഒഴിഞ്ഞു കിടക്കയാണ്. ആശുപത്രിയുടെ ലേബർ റൂമിൽ അടിസ്ഥാന സൗകര്യങ്ങളുമില്ല. മിക്ക വാർഡുകളിലും വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ രോഗികള്‍ക്ക് മറ്റ് ആശുപത്രികളിലേക്ക് മാറേണ്ട സ്ഥിതിയിലാണ്.