കൊല്ലം: നിലമേലിൽ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവം ഭക്ഷ്യവിഷബാധയാണോയെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി. നിലമേൽ സ്വദേശികളായ റഷീദ ബീവി (58)യും മരുമകൻ ഷാജി (42)യും ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതരയോടെ വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള അസ്മാക്ക് ഹോട്ടലിൽ നിന്ന് ഇവർ ഉൾപ്പെടെ കുടുംബത്തിലെ ആറുപേർ ഭക്ഷണം കഴിച്ചതായി വിവരം. മീൻ വിഭവം കഴിച്ചതിനു പിന്നാലെ നാലുപേർക്കു അസ്വസ്ഥത അനുഭവപ്പെട്ടു.
അസ്വസ്ഥതയെ തുടർന്ന് നാലുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും റഷീദ ബീവിയും ഷാജിയും മരിച്ചു. ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റെയാളുടേത് പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഷാജിയുടെ ഭാര്യ സജിമോൾ (39) പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ രണ്ട് മക്കൾക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ലഭ്യമായ വിവരം.
ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിച്ച ശേഷമേ മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് പൂട്ടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഹോട്ടലിൽ പഴകിയ മത്സ്യങ്ങൾ ഉപയോഗിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയും ഉയർന്നിട്ടുണ്ട്.











Leave a Reply