കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം നാവായിക്കുളം വെട്ടുചിറവിളയില്‍ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്.

ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഭാഗ്യ (12), ആദിദേവ് (21), മഞ്ജു (43), ഷിബു (51) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുട്ടിക്കാനത്ത് നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇറക്കമിറങ്ങി വരവെ നിയന്ത്രണം വിട്ട് റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്പോഴേക്കും രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മാര്‍ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഒരു കുടുംബത്തിലെ അംഗങ്ങളായ ഇവര്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. തുടര്‍ച്ചയായി അപകടം നടക്കുന്ന സ്ഥലമാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ആദ്യമായാണ് ഇത്രയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നതെന്നും അവര്‍ പറയുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.