ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ സിക്കാമോർ ഗ്യാപ്പ് ട്രീ നശിപ്പിച്ചതിന് രണ്ട് പേർക്കെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് മുപ്പത്തെട്ടുകാരനായ ഡാനിയൽ ഗ്രഹാമും മുപ്പത്തൊന്നുകാരനായ ആദം കാരുതേഴ്സും കുറ്റകൃത്യം ചെയ്‌തത്. മരത്തോട് ചേർന്ന് കിടക്കുന്ന ഹാഡ്രിയൻ്റെ മതിലിൽ കേടുപാടുകൾ വരുത്തിയതിനു ഇരുവർക്കും എതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മെയ് 15 ന് സൗത്ത് ഈസ്റ്റ് നോർത്തംബർലാൻഡ് മജിസ്‌ട്രേറ്റ് കോടതിയിൽ വച്ചായിരിക്കും കേസിൻെറ വിചാരണ നടക്കുക.
നോർത്തംബർലാൻഡിൽ സ്ഥിതി ചെയ്യുന്ന സിക്കാമോർ ഗ്യാപ്പ് ട്രീ രാജ്യത്തെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള മരങ്ങളിൽ ഒന്നാണ്. 1991-ൽ കെവിൻ കോസ്റ്റ്നറും മോർഗൻ ഫ്രീമാനും അഭിനയിച്ച റോബിൻ ഹുഡ്: പ്രിൻസ് ഓഫ് തീവ്സ് എന്ന സിനിമയിലും ഈ മരത്തെ കാണാം. സെപ്തംബർ 28 നാണ് രാത്രിയിൽ ആരോ മുറിച്ച നിലയിലാണ് സിക്കാമോർ ഗ്യാപ്പ് ട്രീയെ കണ്ടത്. പിന്നാലെ, സെപ്തംബറിൽ സിക്കാമോർ ഗ്യാപ്പ് ട്രീയ്ക്കും ഹാഡ്രിയൻസ് വാളിനും കേടുപാടുകൾ വരുത്തിയതിന് ഡാനിയൽ ഗ്രഹാമിനും ആദം കാരുതേഴ്‌സിനും എതിരെ നോർത്തുംബ്രിയ പോലീസ് കുറ്റം ചുമത്തിയതായി സിപിഎസ് നോർത്ത് ഈസ്റ്റിൻ്റെ കോംപ്ലക്‌സ് കേസ് വർക്ക് യൂണിറ്റിലെ സ്‌പെഷ്യലിസ്റ്റ് പ്രോസിക്യൂട്ടർ ഗാരി ഫോതർഗിൽ അറിയിച്ചു. പ്രതികളെ 2024 മെയ് 15-ന് സൗത്ത് ഈസ്റ്റ് നോർത്തംബർലാൻഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിന് ശേഷം രണ്ട് പേർക്കെതിരെ കുറ്റം ചുമത്തിയതായി സൈക്കമോർ ഗ്യാപ് മരം മുറിച്ച കേസിൽ സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ റെബേക്ക ഫെന്നി സ്ഥിരീകരിച്ചു. പ്രതികളെ ഒക്ടോബർ മാസം തന്നെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവർ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
Leave a Reply